ഫ്ലോറിഡ : മധ്യ ഫ്ലോറിഡയിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്‌പ്പില്‍ ഒരു മരണം. ഒകാലയിലെ പാഡക്ക് മാളിലാണ് ആക്രമണമുണ്ടായത് (Ocala Paddock Mall Shooting). സംഭവത്തിന് ശേഷം മാളില്‍ നിന്നും ഓടി രക്ഷപ്പെട്ട അക്രമിയെ പിടികൂടാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു (Florida Shopping Mall Shooting).
കൊല്ലപ്പെട്ടയാളെ അക്രമി നിരവധി തവണ വെടിവച്ചതായി പൊലീസ് പറഞ്ഞു. മാളിലെ സുരക്ഷാ ജീവനക്കാരടക്കം നിരവധി പേരെ ഇയാള്‍ ആക്രമിച്ചു. ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ മാളില്‍ നിന്ന് പൂര്‍ണമായും ആളുകളെ ഒഴിപ്പിച്ചു.
അജ്ഞാതന്‍റെ ആക്രമണത്തില്‍ ഒരു സ്ത്രീയുടെ കാലിന് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Also Read: പ്രാഗ് ചാള്‍സ് സര്‍വകലാശാലയിലെ വെടിവയ്‌പ്പില്‍ മരണം 15 ; നിരവധി പേര്‍ക്ക് പരിക്ക്
ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലെ സര്‍വകലാശാലയില്‍ ഉണ്ടായ വെടിവയ്‌പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പതിനഞ്ച് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിരുന്നു. 36 പേര്‍ വെടിയേറ്റ് ചികിത്സയിലാണ്.
യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്‌സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് തോക്കുധാരി ആക്രമണം നടത്തിയത്. പിന്നാലെ, ഇയാള്‍ ആത്മഹത്യ ചെയ്‌തുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 21നായിരുന്നു സംഭവം.
സര്‍വകലാശാലയിലെ വിദ്യാര്‍ഥി 24കാരനായ ഡേവിഡ് കെയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സര്‍വകലാശാലയില്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് പ്രാഗില്‍ നിന്ന് 20 മൈല്‍ അകലെയുള്ള ഹൂസ്റ്റണിലെ ഗ്രാമത്തില്‍ വച്ച് ഇയാള്‍ പിതാവിനെ വെടിവച്ച് കൊന്നതായും റിപ്പോര്‍ട്ടുണ്ട്. സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് ഹിസ്റ്ററിയിലെ വിദ്യാര്‍ഥിയാണ് ഡേവിഡ്.