വെല്ലിംഗ്‌ടൺ : ന്യൂസിലൻഡിന്‍റെ തലസ്ഥാനമായ വെല്ലിംഗ്‌ടണിലെ ഹോസ്റ്റലിൽ തീപിടിത്തം. ആറ് പേർ കൊല്ലപ്പെട്ടു. വെല്ലിംഗ്‌ടണിലെ ലോഫേഴ്‌സ് ലോഡ്‌ജ് ഹോസ്റ്റലായ നാല് നില കെട്ടിടത്തിനാണ് തീപിടിച്ചത്. 52 പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.
രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഫയർ ആൻഡ് എമർജൻസി ഡിസ്ട്രിക്റ്റ് മാനേജർ നിക്ക് പ്യാറ്റ് പറഞ്ഞു. ഹോസ്റ്റലിൽ 92 മുറികളാണ് ഉള്ളത്. നിരവധി ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
തീപിടിത്തമുണ്ടായതിൽ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്‌കിൻസ് പറഞ്ഞു. ഇപ്പോൾ സാഹചര്യം കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 'തനിക്ക് ചുറ്റും കനത്ത പുകയായിരുന്നു. തീജ്വാലകൾ കാണാൻ കഴിഞ്ഞില്ല. ചൂട് തനിക്ക് അനുഭവപ്പെട്ടിരുന്നു. രക്ഷപ്പെടാനായാണ് ലോഡ്‌ജിന്‍റെ ജനൽ വഴി പുറത്തേക്ക് ചാടിയത് - ലോഫേഴ്‌സ് ലോഡ്‌ജിൽ നിന്ന് രക്ഷപ്പെട്ട താമസക്കാരൻ പറഞ്ഞു.
Also read : കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപം തീപിടിത്തം, 4 പേര്‍ക്ക് പരിക്ക്
താഴേക്ക് ചാടിയ ഇദ്ദേഹത്തിന്‍റെ കണങ്കാലിന് പരിക്കേറ്റിരുന്നു. കെട്ടിടത്തിൽ സ്ഥിരമായി ഫയർ അലാം മുഴങ്ങുമായിരുന്നുവെന്ന് മറ്റ് താമസക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ഒരുപക്ഷേ പുകവലിക്കാരിൽ നിന്ന് അമിതമായ സെൻസിറ്റീവ് സ്മോക്ക് ഉണ്ടായതിനാലാകാം അലാറമടിച്ചതെന്നാണ് പലരും ആദ്യം കരുതിയിരുന്നതെന്ന് ഫയർ ഫോഴ്‌സ് മേധാവി പ്യാറ്റ് പറഞ്ഞു. അൻപതിലധികം പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീപിടിത്തം ഉണ്ടായതിന്‍റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read : വാഹന ഷോറൂമില്‍ തീപിടിത്തം; വന്‍ അപകടമൊഴിവായത് ജീവനക്കാരുടെ ഇടപെടലോടെ
വാഹന ഷോറൂമിൽ വൻ തീപിടിത്തം : കൊല്ലം പള്ളിമുക്ക് ജങ്‌ഷന് സമീപം തീപിടിത്തമുണ്ടായി. മിനി ഗുഡ്‌സ് വാഹനങ്ങളുടെ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്‌ച അവധി കഴിഞ്ഞ് ഇന്ന് രാവിലെ ഷോറൂം തുറക്കാനെത്തിയ ജീവനക്കാരാണ് ഷോറൂമിനുള്ളിൽ തീപടർന്നതായി കണ്ടത്. തുടർന്ന് ഫയര്‍ ആന്‍റ് റെസ്‌ക്യു സംഘത്തെയും, ഇരവിപുരം പൊലീസിനെയും വിവരം അറിയിച്ചു.
ഷോ റൂമിൻ്റെ ഷട്ടർ തുറന്നപ്പോൾ ശക്തമായ ചൂടും പുകപടലങ്ങളുമാണ് പുറത്തേക്ക് വന്നത്. പുകപടലങ്ങൾ ഷോറൂം നിറഞ്ഞ് നിന്നതിനാല്‍ അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. പുക പുറത്തേക്ക് പോകാൻ ഷോ റൂമിന് മറ്റ് വാതിലുകൾ ഇല്ലായിരുന്നു. കടപ്പാക്കടയിൽ നിന്നും അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റെത്തി തീ ശമിപ്പിച്ചു.
മാനേജരുടെ ക്യാബിനുള്ളിലാണ് തീപിടിത്തം ഉണ്ടായത്. രണ്ട് ഇലക്ട്രിക്, മൂന്ന് ഡീസൽ വാഹനങ്ങൾ ഉള്‍പ്പടെ അഞ്ച് വാഹനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ജീവനക്കാരും സമീപ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരും സമയോചിതമായി ഇടപെട്ട് വാഹനങ്ങൾ തള്ളി പുറത്തേക്ക് നീക്കി. ഇതോടെ വൻ അപകടം ഒഴിവായി. ഇതിനൊപ്പം കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതിയും വിച്ഛേദിച്ചു. ഷോറൂമിലെ ഇലക്ട്രിക് ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.