ചെന്നൈ: 55 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേഷ്യയില്‍ മരിച്ച പിതാവിന്‍റെ ശവക്കല്ലറ ഇന്‍റര്‍നെറ്റിലൂടെ കണ്ടെത്തി മകന്‍. തെങ്കാശിയിലെ വെങ്ങാടംപട്ടി സ്വദേശിയായ തിരുമാരനാണ് (55) പിതാവിന്‍റെ ശവക്കല്ലറ ഗൂഗിളിലൂടെ കണ്ടെത്തിയത്. ശവക്കല്ലറയ്ക്ക് സമീപം നില്‍ക്കുന്ന ചിത്രങ്ങള്‍ തിരുമാരൻ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തു.
അഭിനന്ദനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ: 'മനുഷ്യ മനസ് വികാരങ്ങളാല്‍ നിര്‍മിതമാണ്, ജീവിത യാത്രയെന്നത് സ്‌നേഹം തേടിയുള്ളതുമാണെന്ന് ' സ്റ്റാലിൻ ട്വീറ്റ് ചെയ്‌തു. മലേഷ്യയില്‍ അധ്യാപകരായി ജോലി ചെയ്‌തവരാണ് തിരുമാരന്‍റെ അച്ഛന്‍ രാമചന്ദ്രനും അമ്മ രാധാഭായിയും. എന്നാല്‍ തിരുമാരന്‍ ജനിച്ച് ആറ് മാസം പിന്നിട്ടപ്പോള്‍ പിതാവ് മലേഷ്യയില്‍ മരിച്ചു.
പിതാവ് മരിച്ച് മൂന്ന് വര്‍ഷം അവിടെ കഴിച്ച് കൂട്ടിയ കുടുംബം തമിഴ്‌നാട്ടിലെ തെങ്കാശിയിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. തിരുമാരന്‍റെ കോളജ് പഠനത്തിനിടെ അമ്മ രാധാഭായിയും മരിച്ചു. ചെറുപ്പത്തിലെ പിതാവിനെ നഷ്‌ടപ്പെട്ട തിരുമാരന് സ്വന്തം അച്ഛന്‍റെ മുഖം പോലും ഓര്‍മയിലില്ലായിരുന്നു.
അതൊരു ആഗ്രഹമായിരുന്നു: പിതാവിന്‍റെ ശവകല്ലറയെങ്കിലും കാണണമെന്ന് തിരുമാരന് തോന്നിയപ്പോൾ നിരവധി തവണ ശ്രമങ്ങള്‍ നടത്തുകയും ചെയ്‌തു. എന്നാല്‍ മലേഷ്യയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ശ്‌മശാനങ്ങള്‍ പലതും പരിപാലന കുറവ് കാരണം അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് തിരുമാരന് ലഭിച്ച വിവരം. അതോടെ തിരുമാരന്‍ ശവകല്ലറ കണ്ടെത്തണമെന്ന് ആഗ്രഹം ഏതാണ്ട് ഉപേക്ഷിച്ചു.
ഗൂഗിൾ വരുന്ന വഴി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീടിനടുത്ത് താമസിക്കുന്ന ആണ്‍കുട്ടി തിരുമാരനോട് ശ്മശാനത്തിന്‍റെ സ്ഥാനം ഇന്‍റര്‍നെറ്റില്‍ കണ്ടെത്താത്തത് എന്തുകൊണ്ടെന്ന് ചോദിച്ചത്. ഗൂഗിളില്‍ പിതാവിന്‍റെ ശവക്കല്ലറ കണ്ടെത്താന്‍ കഴിയുമോയെന്ന് തിരുമാരന്‍ സംശയത്തോടെ ചോദിച്ചു. സംശയത്തോടെയെങ്കിലും മലേഷ്യയിലെ പിതാവിന്‍റെ ശവക്കല്ലറ ഗൂഗിളില്‍ തെരച്ചില്‍ തുടങ്ങി.
ഇതോടെയാണ് ആശ്ചര്യപ്പെടുത്തുന്ന ആ കാഴ്‌ച കണ്ടത്. മലേഷ്യയിലെ ഗേൾലിങ് ഗാർഡനിലാണ് തിരുമാരന്‍റെ കുടുംബം താമസിച്ചിരുന്നത്. ഗേള്‍ലിങ് ഗാര്‍ഡന് സമീപമുള്ള ശ്‌മശാനത്തില്‍ പിതാവിന്‍റെ ശവക്കല്ലറ കണ്ടെത്താനും പിതാവിന്‍റെ പേര് ശവക്കല്ലറയില്‍ കൊത്തി വച്ചത് വ്യക്തമായി കാണാനും തിരുമാരനായി.
ഉടന്‍ തന്നെ തിരുമാരന്‍ മലേഷ്യയിലേക്ക് പോയി ശവക്കല്ലറ സന്ദര്‍ശിച്ചു. ശവക്കല്ലറക്ക് അരികെ കുറെ സമയം ചെലവഴിക്കുകയും അതിന് മുകളില്‍ ഒരു റീത്ത് വയ്‌ക്കുകയും ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യുകയും ചെയ്‌തു.