ഇസ്‌ലാമാബാദ് : പാകിസ്ഥാനിലെ ഖൈബര്‍ പഖ്‌തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് മരിച്ചവരുടെ എണ്ണം 42 ആയി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ടൈമര്‍ഗയിലേക്കും പെഷവാറിലേക്കും മാറ്റുകയാണെന്ന് ജില്ല എമര്‍ജന്‍സി ഓഫിസര്‍ അറിയിച്ചു.
ഇസ്‌ലാം, വിശുദ്ധ ഖുര്‍ആന്‍, പാകിസ്ഥാന്‍ എന്നിവയ്‌ക്ക് വേണ്ടി വാദിക്കുന്നവരെയാണ് ഭീകരര്‍ ലക്ഷ്യമിട്ടതെന്ന് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ഖേദം പ്രകടിപ്പിച്ച് കൊണ്ട് പറഞ്ഞു. ഭീകരര്‍ പാകിസ്ഥാന്‍റെ ശത്രുക്കളാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനും ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇന്നലെ (ജൂലൈ 30) വൈകിട്ടാണ് ഖൈബര്‍ പഖ്‌തൂണ്‍ഖ്വ പ്രവിശ്യയില്‍ ബോംബ് സ്‌ഫോടനം ഉണ്ടായത്. ബജൗറിലെ ഖറില്‍ ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസല്‍ (ജെയുഐ-എഫ്) പ്രവര്‍ത്തകരുടെ യോഗത്തിനിടെയാണ് സംഭവം.
പഖ്‌തൂണ്‍ഖ്വയിലുണ്ടായത് ചാവേര്‍ ആക്രമണം: ഇന്നലെ (ജൂലൈ 30) വൈകുന്നേരം നാലുമണിയോടെ പഖ്‌തൂണ്‍ഖ്വയിലുണ്ടായത് ചാവേര്‍ ആക്രമണമാണെന്ന് ഐജിപി (ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ഓഫ് പൊലീസ്) അക്തര്‍ ഹയാത്ത് ഖാന്‍ പറഞ്ഞു. 10 കിലോ സ്‌ഫോടന വസ്‌തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. സ്‌ഫോടനം നടന്ന സ്ഥലത്ത് കനത്ത ജാഗ്രതയാണെന്നും അന്വേഷണ സംഘം സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും അക്തര്‍ ഹയാത്ത് ഖാന്‍ പറഞ്ഞു.
സൈനിക ആശുപത്രിയില്‍ ജാഗ്രത: പഖ്‌തൂണ്‍ഖ്വയിലെ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ പെഷാവറിലെ സൈനിക ആശുപത്രിയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ സേനയുടെയും മറ്റ് നിയമ നിര്‍വഹണ ഏജന്‍സികളുടെയും രക്ഷാപ്രവര്‍ത്തനം സ്ഥലത്ത് പുരോഗമിക്കുകയാണ്. അതേസമയം അതി ഭീകരമായ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും ജെയുഐ-എഫ് മേധാവി ഫസല്‍ പറഞ്ഞു. കൂടാതെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ആവശ്യക്കാര്‍ക്ക് രക്തം നല്‍കി സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഖേദം പ്രകടിപ്പിച്ച് പ്രമുഖര്‍: പഖ്‌തൂണ്‍ഖ്വയിലെ ബോംബ് ആക്രമണത്തെ അപലപിച്ച് പഞ്ചാബ് കാവലിലെ മുഖ്യമന്ത്രി മൊഹ്‌സിന്‍ നഖ്‌വി രംഗത്തെത്തി. 'നിരപരാധികളുടെ ജീവന്‍ വച്ച് കളിക്കുന്നവര്‍ മനുഷ്യര്‍ എന്ന് വിളിക്കപ്പെടാന്‍ അര്‍ഹരല്ലെന്ന്' അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അമീർ സിറാജുൽ ഹഖും സ്‌ഫോടനത്തില്‍ ഖേദം പ്രകടിപ്പിച്ചു. 'രാജ്യത്ത് അരാജകത്വം പടര്‍ത്തുകയാണ് ആക്രമണകാരികളുടെ ലക്ഷ്യമെന്ന്' അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തെ കുറിച്ച് സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും ഹഖ് ആവശ്യപ്പെട്ടു.
Also read: പാകിസ്ഥാനിൽ വൻ ബോംബ് സ്‌ഫോടനം; 40 മരണം, 150ൽ അധികം പേർക്ക് പരിക്ക്