ജനീവ: ലോകം കൊവിഡ് മഹാമാരിയിൽ നിന്നും മുക്തി നേടുമെന്ന സൂചന നല്‍കി ലോകാരോഗ്യ സംഘടന. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാരാന്ത്യ മരണ നിരക്കാണ് കഴിഞ്ഞയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.
ലോകം ഇപ്പോൾ ഒരു മാരത്തൺ ഓട്ടക്കാരെ പോലെയാണ്. ഫിനിഷിങ് ലൈൻ കാണുന്ന വരെ അവശേഷിക്കുന്ന എല്ലാ ഊർജവും എടുത്ത് അവർ ഓടും. അതുപോലെ ലോകവും ഓടിക്കൊണ്ടിരിക്കുകയാണ്. ലോകം മഹാമാരിയിൽ നിന്ന് മുക്തമാകുന്നത് വരെ ഈ ഓട്ടം തുടരുമെന്ന് ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി.
ഈ അവസരം നല്ല രീതിയിൽ വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണ നിരക്ക് കുറഞ്ഞതുകൊണ്ട് കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്‌ച വരുത്തിയാൽ കൂടുതൽ വകഭേദങ്ങള്‍ ഉണ്ടാകാനും മരണനിരക്ക് കൂടാനുമുള്ള സാധ്യത വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന്‍റെ ഭാഗമായി എല്ലാ സർക്കാരുകളും ഇപ്പോൾ സ്വീകരിക്കേണ്ട പ്രധാന പ്രവർത്തനങ്ങളുടെ രൂപരേഖയടങ്ങിയ ആറ് ഹ്രസ്വ പോളിസി ബ്രീഫുകൾ ലോകാരോഗ്യ സംഘടന പുറത്തിറക്കിയിട്ടുണ്ട്.
Also Read: നേസൽ കൊവിഡ് വാക്‌സിന്‍ ഗെയിം ചേഞ്ചറായേക്കാമെന്ന് ഗവേഷകർ
കഴിഞ്ഞ 32 മാസത്തെ പ്രവർത്തനങ്ങളെയും അതിന്‍റെ ഫലങ്ങളെയും അടിസ്ഥാനമാക്കിയാണ് പോളിസികള്‍ തയ്യാറാക്കിയിട്ടുള്ളത്. ജീവൻ രക്ഷിക്കാനും ആരോഗ്യ സംവിധാനങ്ങൾ സംരക്ഷിക്കാനും സാമൂഹികവും സാമ്പത്തികവുമായ തടസങ്ങൾ ഒഴിവാക്കാനും ഏറ്റവും മികച്ചത് എന്താണെന്ന് വിശദീകരിക്കുന്നതാണ് പോളിസി ബ്രീഫുകൾ.
അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന്‍റെ വാക്‌സിനേഷൻ, കൊവിഡിനുള്ള ഫലപ്രദമായ ചികിത്സ പ്രാഥമിക ആരോഗ്യ സംവിധാനങ്ങളിലേക്ക് സമന്വയിപ്പിക്കല്‍, കൊവിഡ് വൈറസിന്‍റെ തുടർച്ചയായ പരിശോധനയും സ്വീക്കന്‍സിങും തുടങ്ങിയ ശുപാർശകളാണ് പോളിസി ബ്രീഫുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തെറ്റായ വിവരങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുക, വിജ്ഞാനപ്രദമായ വിവരങ്ങള്‍ സൃഷ്‌ടിക്കുക തുടങ്ങിയ ശുപാര്‍ശകളും പോളിസി ബ്രീഫുകളിലുണ്ട്.
കൊവിഡ് വ്യാപനത്തിനെതിരെ 2019 മുതൽ ലോകാരോഗ്യ സംഘടന പോരാടിക്കൊണ്ടിരിക്കുകയാണെന്നും ആ പോരാട്ടം ഇനിയും തുടരുമെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എല്ലാ രാജ്യങ്ങളും വ്യക്തികളും വിഭാഗങ്ങളും രോഗമുക്തിക്കായി പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലോകമെമ്പാടും കൊവിഡ് വ്യാപാനം തീവ്രമായി തന്നെ തുടരുകയാണെന്നും പൂർണമായ കണക്കുകൾ പുറത്തുവിടാത്തതാണെന്നും ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ലീഡ് ഡോ. മരിയ വാൻ കെർഖോവ് പറഞ്ഞു. ഇനിയും ഒമിക്രോണിന്‍റെ വ്യത്യസ്‌ത വകഭേദങ്ങൾ ഉണ്ടാകാനും വ്യാപിക്കാനും സാധ്യതയുണ്ട്. എന്നാൽ ഫലപ്രദമായ വാക്‌സിനുകൾ വികസിപ്പിച്ചെടുത്തതിനാല്‍ മരണ നിരക്കിനെ കുറിച്ചോ ഭാവിയിലെ പുതിയ തരംഗങ്ങളെ കുറിച്ചോ ആശങ്കപ്പെടേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.
Also Read: ആശങ്ക ജനിപ്പിച്ച് പുതിയ കൊവിഡ് വകഭേദം; ഒമിക്രോണ്‍ ബിഎ.4.6 അപകടകാരിയോ?