ബെയ്‌ജിങ് (ചൈന): കൊറോണ വൈറസ് മനുഷ്യ നിർമിതമാണെന്നും ഇത് ചൈന 'ബയോവെപ്പണ്‍' (bioweapon) ആയി നിർമിച്ചതാണെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകൻ. ഇന്‍റർനാഷണൽ പ്രസ് അസോസിയേഷൻ അംഗമായ ജെന്നിഫർ സെങിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വുഹാനിലെ ഗവേഷകനായ ചാവോ ഷാവോ (Chao Shao) ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
കൊറോണ വൈറസിന്‍റെ നാല് വകഭേദങ്ങൾ ലാബിൽ നിർമിച്ചിട്ടുണ്ടെന്നും ഇവയിൽ മികച്ചത് തെരഞ്ഞെടുക്കാൻ മേലുദ്യോഗസ്ഥൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ചാവോ ഷാവോ 26 മിനിറ്റ് നീണ്ട അഭിമുഖത്തിൽ വ്യക്‌തമാക്കി. 'വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മേലുദ്യോഗസ്ഥൻ തനിക്ക് കൊറോണ വൈറസിന്‍റെ നാല് വകഭേദങ്ങൾ നൽകി. ഇതിൽ ഏതാണ് മികച്ചതെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു.
കഴിയുന്നത്ര ജീവി വർഗങ്ങളെ ബാധിക്കാനുള്ള കഴിവ്, മനുഷ്യൻ ഉൾപ്പെടെയുള്ള മറ്റ് ജീവി വർഗങ്ങളെ എത്ര പെട്ടന്ന് ബാധിക്കും എന്നിവ കണ്ടെത്തി മികച്ചതിനെ തീരുമാനിക്കാൻ അവർ ആവശ്യപ്പെട്ടു. 'ബയോവെപ്പണ്‍' എന്ന് തന്നെ അതിനെ വിളിക്കാം', ചാവോ ഷാവോ അഭിമുഖത്തിൽ പറഞ്ഞു.
വൈറസ് വ്യാപിപ്പിക്കാനും ശ്രമം ? അതേസമയം 2019 വുഹാനിൽ നടന്ന മിലിട്ടറി വേൾഡ് ഗെയിംസിനിടെ തന്‍റെ നിരവധി സഹപ്രവർത്തകരെ കാണാതായതായും അദ്ദേഹം അഭിമുഖത്തിൽ പരാമർശിച്ചു. പിന്നീട് കാണാതായതിൽ ഒരാൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ താമസിക്കുന്ന ഹോട്ടലുകളിലേക്ക്, താരങ്ങളുടെ ആരോഗ്യവും ശുചിത്വവും പരിശോധിക്കാൻ തങ്ങളെ അയച്ചതായി വെളിപ്പെടുത്തുകയുണ്ടായി.
താരങ്ങളുടെ ആരോഗ്യം പരിശോധിക്കാൻ വൈറോളജിസ്റ്റുകളുടെ ആവശ്യമില്ലെന്നും അതിനാൽ തന്നെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ താരങ്ങളിലേക്ക് വൈറസ് പടർത്താനാണ് അവരെ അയച്ചതെന്നും ചാവോ ഷാവോ സംശയം പ്രകടിപ്പിച്ചു. കൂടാതെ, 2020 ഏപ്രിലിൽ പുനർ-വിദ്യാഭ്യാസ ക്യാമ്പുകളിൽ തടവിലാക്കപ്പെട്ട ഉയ്‌ഗൂറുകളുടെ (Uyghurs) ആരോഗ്യം പരിശോധിക്കാൻ തന്നെ സിൻജിയാങ്ങിലേക്ക് അയച്ചതായും ചാവോ ഷാവോ പറഞ്ഞു.
മനുഷ്യരുടെ പരിശോധന നടത്താൻ ഒരു വൈറോളജിസ്റ്റിന്‍റെ ആവശ്യമില്ല. അതിനാൽ തന്നെ വൈറസ് പടർത്തുന്നതിനോ, അല്ലെങ്കിൽ വൈറസ് മനുഷ്യരിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിനോ ആകാം തന്നെ സിൻജിയാങ്ങിലേക്ക് അയച്ചതെന്നും ചാവോ ഷാവോ സംശയം പ്രകടിപ്പിച്ചു.
പിന്നിൽ ചൈന തന്നെയാണോ ? അതേസമയം വലിയൊരു മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നാണ് ചാവോ ഷാവോയുടെ വെളിപ്പെടുത്തൽ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ചൈനയായിരുന്നു പ്രതിക്കൂട്ടിലുണ്ടായിരുന്നത്. അത് ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഈ വെളിപ്പെടുത്തലുകൾ.
ചൈനയിലെ വുഹാനിൽ നിന്നാണ് ലോകത്തെയാകെ പിടിച്ച് കെട്ടിയ കൊറാണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ഇതിന്‍റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ലോകമെമ്പാടും എഴ് ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമായ കൊറോണയുടെ യഥാർഥ ഉത്ഭവത്തെക്കുറിച്ച് ഇപ്പോഴും പര്യവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
കൊവിഡ് 19ന് കാരണമായ സാർസ്- കോവി-2 വൈറസ് ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് ചോർന്നതാണെന്ന് അവിടെ പ്രവർത്തിച്ചിരുന്ന യുഎസ് ശാസ്‌ത്രജ്ഞനായ ആൻഡ്രൂ ഹഫ് 2022 ഡിസംബറിൽ അവകാശപ്പെട്ടിരുന്നു. ദി ട്രൂത്ത് എബൗട്ട് വുഹാൻ എന്ന പുസ്‌തകത്തിലൂടെയായിരുന്നു ഹഫിന്‍റെ വെളിപ്പെടുത്തൽ.