ലോസ് ഏഞ്ചല്‍സ്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായി മനസുതുറന്ന് ഹോളിവുഡ് ഇതിഹാസതാരം അര്‍ണോള്‍ഡ് ഷ്വാസ്‌നെഗർ. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ 2024 ല്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അങ്ങനെയെങ്കില്‍ വിജയിക്കുമെന്നും അര്‍ണോള്‍ഡ് പറഞ്ഞു. മാക്‌സിന്‍റെയും സിഎന്‍എന്നിന്‍റെയും 'ഹു ഈസ് ടോക്കിങ്?' എന്ന അഭിമുഖത്തിലാണ് ബോഡി ബില്‍ഡിങ് ലോകത്തെ മുടിചൂടാമന്നനായ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറുടെ പ്രതികരണം.
തെരഞ്ഞെടുപ്പും പ്രസിഡന്‍റ് കുപ്പായവും: അഭിമുഖത്തിനിടെയാണ് യോഗ്യനെന്ന് തോന്നിയാല്‍ യുഎസ് പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കുമോ എന്ന അവതാരകന്‍റെ ചോദ്യം അര്‍ണോള്‍ഡിനെ തേടിയെത്തുന്നത്. ഒരുനിമിഷം പോലും ഓര്‍ത്തുനില്‍ക്കാതെ അദ്ദേഹത്തിന്‍റെ മറുപടിയുമെത്തി. അതെ, തീര്‍ച്ചയായും. 2016 ലെ രംഗം കുറച്ചുകൂടി അനുകൂലമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോഴും അതിനുള്ള അവസരം തുറന്നുതന്നെ കിടക്കുന്നു. ഞാന്‍ അതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ പറഞ്ഞു.
ആരൊക്കെയാണ് നിലവില്‍ മത്സരിക്കുന്നതെന്ന ഒരു പരിഹാസ ചോദ്യവും അദ്ദേഹം അവതാരകന് നേരെ എറിഞ്ഞു. നിലവിലുള്ളവര്‍ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോവാന്‍ കഴിവുള്ളവരായി തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആര് വേണമെന്ന് ചിന്തിക്കേണ്ടത് ജനങ്ങളാണ്. അയാള്‍ ഇത്ര പ്രായം പാടില്ല, ഇത് കൂടരുത്, ഇത് കുറയരുത് എന്നെല്ലാം ചിന്തിക്കേണ്ടത് അവരാണ്. ഇതെല്ലാമാണ് ഒരാള്‍ക്കെതിരെ വോട്ട് ചെയ്യുന്നതിനും ചെയ്യാതിരിക്കുന്നതിനുമുള്ള കാരണങ്ങളെന്നും 75 കാരനായ അര്‍ണോള്‍ഡ് കൂട്ടിച്ചേര്‍ത്തു.
Also read: video: പിന്നിലൂടെ വന്ന് തോളില്‍ തട്ടി ബൈഡൻ, തിരിഞ്ഞുനോക്കി കൈകൊടുത്ത് മോദി... ദൃശ്യങ്ങൾ വൈറല്‍
ഉത്തരത്തിന് വ്യക്തത വരുത്തി: അപ്പോള്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഉറപ്പിച്ചുകഴിഞ്ഞോ എന്നായി അവതാരകന്‍റെ ചോദ്യം. തീര്‍ച്ചയായും ഉറപ്പിച്ചുകഴിഞ്ഞുവെന്നും എന്നെ അതിലേക്ക് ഉള്‍പ്പെടുത്തു എന്നുമായിരുന്നു താരത്തിന്‍റെ ഉരുളയ്‌ക്ക് ഉപ്പേരി പോലുള്ള പ്രതികരണം. ഇത് തന്നെ സംബന്ധിച്ച് ഒരു കാര്യമേ അല്ലെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസവും പങ്കുവച്ചു. ഇത് എന്നെയും കാലിഫോര്‍ണിയയെയും സംബന്ധിച്ച് ഒരുപോലെയുള്ള കാര്യമാണ്. ഞാന്‍ ഗവര്‍ണറാവാന്‍ മത്സരിച്ചപ്പോള്‍ വലതുപക്ഷ രാഷ്‌ട്രീയക്കാരനെന്നോ ഇടതുപക്ഷക്കാരനെന്നോ നോക്കാതെ അവര്‍ പുതിയൊരു ഉത്തരം കണ്ടെത്തി. രാജ്യത്തെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ മറ്റ് പാര്‍ട്ടികളിലുള്ളവരെ ശത്രുക്കളായി കാണരുതെന്നും അര്‍ണോള്‍ഡ് വ്യക്തമാക്കി.
രാഷ്‌ട്രീയത്തിലെ അര്‍ണോള്‍ഡ്: അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ അപരിചിതനായ ആളല്ല അര്‍ണോള്‍ഡ് ഷ്വാസ്‌നെഗർ. 2003 മുതല്‍ 2011 വരെ രണ്ടുതവണയായി കാലിഫോര്‍ണിയ ഗവര്‍ണറായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്‍റെ പരമോന്നത സ്ഥാനത്തേക്ക് മത്സരിക്കുന്നയാള്‍ പൂര്‍ണമായും അമേരിക്കന്‍ പൗരനാകണമെന്നാണ് യു.എസ് ഭരണഘടന അനുശാസിക്കുന്നത്. അതുകൊണ്ടുതന്നെ ഓസ്‌ട്രിയയില്‍ ജനിച്ച അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറിന് മുന്നില്‍ ഇത് ഒരു തടസമായി തന്നെ അവശേഷിക്കുകയാണ്.
അതേസമയം ഇന്ത്യയില്‍ വേരുകളുള്ള വിവേക് രാമസ്വാമി, മുൻ സൗത്ത് കരോലിന ഗവർണറും യുഎന്നിലെ സ്ഥിരം പ്രതിനിധിയുമായ നിക്കി ഹേലി എന്നിവരാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് ഇരുവര്‍ക്കുമെതിരെ മത്സരരംഗത്തുള്ള മറ്റൊരു പ്രധാനമുഖം.
Also read: ബന്ധം കേരളത്തിനും, അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യന്‍ വംശജൻ വിവേക് രാമസ്വാമി