വാഷിംഗ്ടൺ: ഇറാഖിലെ അമേരിക്കൻ എംബസി പ്രക്ഷോഭകർ ആക്രമിച്ച പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാ സൈനികരെ ഇറാഖിലേക്ക് അയക്കുമെന്ന് അമേരിക്ക. 750 സൈനികരെയാണ് ബാഗ്ദാദിൽ കൂടുതലായി വിന്യസിക്കുകയെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ അറിയിച്ചു.
ഞായറാഴ്ച അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇറാഖി പ്രക്ഷോഭകർ ബാഗ്ദാദിലെ അമേരിക്കൻ എംബസി ആക്രമിച്ചിരുന്നു. ബഗ്ദാദിലെ അതീവ സുരക്ഷാമേഖലയിൽ സ്ഥിതി ചെയ്യുന്ന എംബസിയുടെ ചുറ്റുമതിൽ കടന്ന പ്രക്ഷോഭകർ എംബസിക്കു നേരേ കല്ലെറിയുകയും നിരീക്ഷണ ക്യാമറകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇറാഖിലും സിറിയയിലുമുള്ള അഞ്ച് ഹിസ്ബുല്ല താവളങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ഉത്തര ഇറാഖിലെ യുഎസ് സൈനിക ക്യാമ്പിനുനേരെ ഹാഷിദ് അൽ ഷാബിയുടെ സായുധ വിഭാഗമായ കത്തബ് ഹിസ്ബുല്ല പോരാളികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിട്ടാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.
യു.എസ് എംബസി ആക്രമണത്തെ തുടർന്നുണ്ടായ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും ഇറാനാണ് ഉത്തരവാദിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന് ഇറാൻ കനത്ത വില നൽകേണ്ടി വരും. ഇതൊരു മുന്നറിയിപ്പല്ലെന്നും ഭീഷണിയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.