അങ്കാറ: തുർക്കി തീരത്തിനും ഗ്രീക്ക് ദ്വീപായ സമോസിനും ഇടയിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തിൽ വൻ നാശനഷ്ടം. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തുർക്കിയുടെ പടിഞ്ഞാറൻ ഇസ്മിർ പ്രവിശ്യയിലെ നിരവധി കെട്ടിടങ്ങൾ തകർന്നതായും സമോസിൽ നാശനഷ്ടങ്ങൾ ഉണ്ടായതായുമാണ് റിപ്പോർട്ടുകൾ. ഇസ്മിറിൽ തകർന്ന് വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയതായും പ്രദേശത്ത് രക്ഷാ പ്രവർത്തനം നടക്കുന്നതായും അധികൃതർ അറിയിച്ചു.
പരിക്കേറ്റ മൂന്ന് പേരെ ഇസ്മിറിലെ കെട്ടിട അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയതായും ഗ്രീക്ക് ദ്വീപായ സമോസിലെ കെട്ടിടങ്ങൾക്കും റോഡുകൾക്കും തകറാറുകൾ സംഭവിച്ചതായും തുർക്കിയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്തു.
ഇസ്മിര്‍ പ്രവശ്യയുടെ തീരത്ത് നിന്ന് 16 കിലോമീറ്റര്‍ താഴ്ചയില്‍ 17 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ആഴം 10 കിലോമീറ്റര്‍ ആണെന്നും പ്രഭവകേന്ദ്രം തുര്‍ക്കിയുടെ തീരത്ത് നിന്ന് 33.5 കിലോമീറ്റര്‍ അകലെയാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
45,000ത്തോളം ആളുകളാണ് സമോസിൽ താമസിക്കുന്നത്. സമോസ് നിവാസികൾക്ക് സുനാമി മുന്നറിയിപ്പ് നൽകുകയും ആളുകളോട് തീരപ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതായും അധികൃതർ അറിയിച്ചു. സമോസിലെ പ്രധാന തുറമുഖ നഗരത്തിൽ കടലിൽ നിന്ന് വെളളം കയറിയതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് ഭൂചലനങ്ങൾ തുടരുന്നതിനാൽ കെട്ടിടങ്ങളിൽ ഒഴിഞ്ഞ് പോകണമെന്ന് നിർദേശിച്ചുണ്ടെന്നും പ്രാദേശിക ഉദ്യോഗസ്ഥർ സംസ്ഥാന മാധ്യമങ്ങളോട് പറഞ്ഞു.