ബാഗ്‌ദാദ്: ഇറാഖിലെ സൈനിക കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണം. ബലാദ് എയര്‍ ബേസില്‍ മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. രണ്ട് റോക്കറ്റുകള്‍ എയര്‍ബേസിലെ മൈതാനത്ത് വീണപ്പോള്‍ ഒരെണ്ണം കെട്ടിടത്തിന് മുകളില്‍ പതിച്ചു. അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പിനി ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് റോക്കറ്റ് വീണത്. സംഭവത്തില്‍ ഇറാഖി പൗരന് പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്‌ദാദില്‍ നിന്നും 90 കിലോമീറ്റര്‍ വടക്ക് സലാഹുദ്ദീന്‍ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഈ എയര്‍ബേസ് അമേരിക്കന്‍ സൈനികര്‍ ഉപയോഗിച്ചിരുന്നു. തന്ത്രപ്രധാന മേഖലയായി ഉപയോഗിച്ചുവന്ന എയര്‍ബേസില്‍ നിന്നും നിലവില്‍ അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങി കഴിഞ്ഞു. എന്നാലും ഇവിടം തീവ്രവാദി ആക്രമണങ്ങളുടെ കാര്യത്തില്‍ കുപ്രസിദ്ധമായി തുടരുകയാണ്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറാഖിലെ അമേരിക്കന്‍ എംബെസി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.