ടെഹ്റാന്‍: ആണവ സമ്പുഷ്ടീകരണത്തോത് 60 ശതമാനത്തിലേക്ക് ഉയര്‍ത്തി പ്രകോപനം സൃഷ്ടിച്ച് ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയെ ഉദ്ധരിച്ച് ഐആര്‍എന്‍എ വാര്‍ത്താ എജന്‍സിയാണ് വിവരം പുറത്തുവിട്ടത്. ആണവ സമ്പുഷ്ടീകരണ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതായി ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ അറിയിച്ചു കഴിഞ്ഞു.
നറ്റാന്‍സ് ആണവ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് യുറേനിയം സമ്പുഷ്ടീകരണത്തോത് ഉയര്‍ത്താന്‍ ഇറാന്‍ തീരുമാനിച്ചത്. നിലവിലുണ്ടായിരുന്ന 20 ശതമാനത്തില്‍ നിന്നാണ് 60 ശതമാനം ശുദ്ധീകരണത്തോതിലേക്ക് ഇറാന്‍റെ ആണവ പദ്ധതി കടക്കുന്നത്. ആണവായുധ ശേഷി കൈവരിക്കാനുള്ള 90 ശതമാനം സമ്പുഷ്ടീകരണത്തോതെന്ന നിലവാരത്തിലേക്ക് ഒരു പടി കൂടി ഇറാനെ അടുപ്പിക്കുന്നതാണ് പുതിയ നീക്കം.
ഇറാനും ആറ് ലോക ശക്തികളും 2015ല്‍ ഒപ്പിട്ട ആണവക്കരാറില്‍ നിന്നും 2018ല്‍ അമേരിക്ക പിന്‍വാങ്ങിയതിന് പിന്നാലെയാണ് ഇറാന്‍റെ ആണവ പദ്ധതികള്‍ പൂര്‍വാധികം ശക്തി പ്രാപിച്ചത്. 3.67 ശതമാനം മാത്രമുണ്ടായിരുന്ന സമ്പുഷ്ടീകരണത്തോത് 20 ശതമാനത്തിലേക്കുയര്‍ത്തിയായിരുന്നു അന്ന് അമേരിക്കയ്ക്ക് ഇറാന്‍ മറുപടി നല്‍കിയത്. ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ തിരിച്ചടിയാകുകയാണ് സമ്പൂഷ്ടീകരണത്തോത് വീണ്ടും ഉയര്‍ത്തിയ ഇറാനിയന്‍ നടപടി.
ഇറാന്‍റെ പുതിയ നീക്കം മുഖ്യ അജണ്ടയാക്കി വ്യാഴാഴ്ച വിയന്നയില്‍ ജെസിപിഒഎ യോഗം ചേരും. സമ്പുഷ്ടീകരണത്തോത് ഉയര്‍ത്തിയത് പ്രകോപനപരമെന്നും സമാധാന ചര്‍ച്ചകളെ ഇറാന്‍ ഗൗരവമായി കാണുന്നില്ലെന്നും അമേരിക്ക പ്രതികരിച്ചു കഴിഞ്ഞു. ഇറാന്‍റെ നീക്കം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന യൂറോപ്യന്‍ രാഷ്ട്രീയ നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇറാന്‍റെ ആണവ ശേഷി സൈനിക തലത്തിലേക്ക് അടുക്കുന്നത് ചര്‍ച്ചകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയേക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിലയിരുത്തുന്നത്.
നറ്റാന്‍സ് ആണവ കേന്ദ്രത്തിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്‍ സമ്പുഷ്ടീകരണത്തോത് ഉയര്‍ത്തിയത്. അട്ടിമറി ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേലാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ആക്രമണത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ക്കൊന്നും ഇസ്രായേല്‍ തയ്യാറായിട്ടില്ലെങ്കിലും വിരലുകളെല്ലാം ചൂണ്ടുന്നത് മൊസാദിലേക്ക് തന്നെ. ഇറാന്‍റെ ആണവ കേന്ദ്രങ്ങളാക്രമിക്കുകയും ശാസ്ത്രജ്ഞന്മാരെ വകവരുത്തുകയും ചെയ്യുന്നത് ഇസ്രായേല്‍ ആണെന്നത് പരസ്യമായ രഹസ്യമായും തുടരുന്നു.