ദമാസ്‌കസ് (സിറിയ): വടക്കന്‍ സിറിയയില്‍ നിലയുറപ്പിച്ചിരിക്കുന്ന തുര്‍ക്കി സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം ഫലവത്താകാതെ വന്നാല്‍ യുദ്ധം മാത്രമാണ് പോംവഴിയെന്ന് സിറിയന്‍ പ്രസിഡന്‍റ് ബഷര്‍ അല്‍ അസദ്. സിറിയന്‍ ചാനലിന് വ്യാഴാഴ്‌ച നല്‍കിയ അഭിമുഖത്തിലാണ് അസദിന്‍റെ യുദ്ധ മുന്നറിയിപ്പ്. വടക്കന്‍ സിറിയയില്‍ നിന്ന് കുര്‍ദ്ദിഷ് വിമത സൈന്യത്തെ അകറ്റി നിര്‍ത്തി മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ തുര്‍ക്കി - റഷ്യ സഹകരണം നിര്‍ണായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയ എന്നും അവരുടെ നല്ല സുഹൃത്തുക്കളായിരിക്കും. എന്നാല്‍ മേഖലയിലെ സൈനിക നടപടികള്‍ അവസാനിച്ചതിനാല്‍ സാഹചര്യത്തില്‍ തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പിന്‍മാറണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് - ബഷര്‍ അല്‍ അസദ് അഭിപ്രായപ്പെട്ടു.
സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറിയതിന് പിന്നാലെ ഒക്‌ടോബര്‍ ആദ്യം മുതലാണ് തുര്‍ക്കി സിറിയന്‍ അതിര്‍ത്തിയിലെത്തി കുര്‍ദുകള്‍ക്കെതിരെ സൈനിക നീക്കം ആരംഭിച്ചത്. തുടര്‍ന്ന് അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന കുര്‍ദുകളോട് മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിന് ശേഷമാണ് സിറിയന്‍ സൈന്യം അതിര്‍ത്തിയിലേക്ക് എത്തിയത്. എന്നാല്‍ സൈനിക നടപടിക്ക് ശേഷം മേഖലയില്‍ നിന്ന് മടങ്ങാന്‍ തുര്‍ക്കി സൈന്യം തയാറായിട്ടില്ല. ഇതാണ് നിലവിലെ പ്രശ്‌നത്തിന് കാരണം.
സിറിയന്‍ സൈന്യം അതിര്‍ത്തിയിലേക്ക് എത്തുന്നത്, തുര്‍ക്കി എതിരായല്ലെന്നും, തങ്ങളുടെ അതിര്‍ത്തിയില്‍ പട്രോളിങ് നടത്താനുള്ള സ്വാതന്ത്ര്യം സിറിയന്‍ സൈന്യത്തിനുണ്ടെന്നും സിറിയന്‍ രാഷ്‌ട്രത്തലവന്‍ കൂട്ടിച്ചേര്‍ത്തു. സൈനിക നടപടിക്ക് ശേഷം അമേരിക്കന്‍ സൈന്യം പിന്‍മാറിയതുപോലെ തുര്‍ക്കിയും പിന്‍മാറണം അല്ലാത്ത പക്ഷം സൈനിക നടപടിയിലൂടെ അത് നടപ്പാക്കേണ്ടി വരുമെന്നും ബഷര്‍ അല്‍ അസദ് പറഞ്ഞു.