കാബൂള്‍: കഴിഞ്ഞ 72 മണിക്കൂറിനിടെ കാണ്‍ഠഹാര്‍ മേഖലയില്‍ 63 താലിബാന്‍ തീവ്രവാദികളെ വധിച്ചതായി അഫ്‌ഗാനിസ്ഥാന്‍. നാഷണല്‍ ഡയറക്‌ടറേറ്റ് ഓഫ് സെക്യൂരിറ്റി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ഡിഎസ് യൂണിറ്റ് നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ആഴ്‌ച അഫ്‌ഗാന്‍ നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സും താലിബാന്‍ തീവ്രവാദികളും തമ്മില്‍ കാണ്‍ഠഹാറില്‍ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടിലില്‍ വലിയ തോതില്‍ നാശനഷ്‌ടവും ജീവഹാനിയുമുണ്ടായിരുന്നു. ഡിസംബര്‍ ഒമ്പതാം തീയ്യതി മുതലുണ്ടായ ഏറ്റുമുട്ടലില്‍ 150 താലിബാന്‍ വിഭാഗക്കാര്‍ കൊല്ലപ്പെട്ടതായാണ് അധികൃതര്‍ പുറത്ത് വിടുന്ന കണക്ക്.
തെരച്ചിലിന്‍റെ ഭാഗമായി 13ഓളം സ്‌ഫോടക വസ്‌തുക്കള്‍ അഫ്‌ഗാന്‍ സൈന്യം കണ്ടെടുത്ത് ഇതിനകം കണ്ടെടുത്ത് നിര്‍വീര്യമാക്കിയിരുന്നു. ഞായറാഴ്‌ച അഫ്‌ഗാനിസ്ഥാനിൽ നടന്ന ബോംബാക്രമണങ്ങളിലും വെടിവയ്‌പ്പിലും മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. വടക്കൻ കാബൂളിൽ നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കിഴക്കൻ കാബൂളിൽ ഓഫീസിലേക്ക് പോകുകയായിരുന്ന സർക്കാർ അഭിഭാഷകനെ ഒരു സംഘം വെടിവെച്ച് കൊന്നു.
അതേസമയം കഴിഞ്ഞ മാസങ്ങളിൽ കാബൂളിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ നടന്ന ഭീകരാക്രമണങ്ങളിൽ 50ഓളം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാർഥികളായിരുന്നു. ഇതിനുമുമ്പ് ഐ.എസ് തീവ്രവാദികൾ കാബൂളിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.