ജെറുസലേം: മധ്യ ജറുസലേമിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി ആക്രമണം. സംഭവത്തിൽ പരിക്കേറ്റ പതിനാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. അക്രമിയേയും വാഹനവും കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഭീകരാക്രമണമെന്ന സംശയത്തിലാണ് അന്വേഷണം നടക്കുന്നത്. പുലർച്ചെ ആൾത്തിരക്കുള്ളപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുന്നു
സുരക്ഷാ കാരണങ്ങളാൽ സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. അപകടകരമായ തരത്തിൽ വാഹനം പ്രദേശത്ത് എത്തിയത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു. യുഎസ് ഇടപെടലിനിടെയുള്ള പലസ്തീൻ ഇസ്രയേൽ സംഘർഷം വർദ്ധിച്ച സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായത്. ട്രംപ് മുന്നോട്ട് വെച്ച പശ്ചിമേഷ്യൻ സമാധാന പദ്ധതിക്കെതിരെ പലസ്തീൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം സമാധാന പദ്ധതിയിൽ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാർഥിയെ ഇസ്രയേൽ സൈന്യം വെടിവെച്ച് കൊന്നിരുന്നു.