ജനീവ: മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നയത്തിൽ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം കൂടുതലായുള്ള സ്ഥലങ്ങളിൽ ജനങ്ങൾ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്നാണ് പുതിയ നിർദേശം. ഇതുവഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കൊവിഡ് വ്യാപനം തടയാൻ കഴിയുമെന്ന് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
അറുപത് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും മെഡിക്കല്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സാമൂഹ്യ അകലം പാലിക്കാൻ കഴിയാതെ വരുന്ന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരക്കുന്നത് ഏറെ പ്രയോജനപ്പെടുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി.
ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് രോഗികൾ, അവരെ പരിചരിക്കുന്നവര്‍ തുടങ്ങിയവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ ലോകാരോഗ്യ സംഘടനയുടെ നിലപാട്. മാസ്‌കുകൾ രോഗ വ്യാപനത്തില്‍ നിന്ന് സഹായിക്കില്ലെന്നും കൈകഴുകുന്നതും സാമൂഹ്യ അകലം പാലിക്കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞിരുന്നു.