ലണ്ടൻ: രണ്ട് മില്യൺ മോഡേണ കൊവിഡ് വാക്‌സിൻ ഉറപ്പു വരുത്തിയെന്നും മൂന്നര മില്യൺ ആളുകൾക്ക് പ്രതിരോധ കുത്തിവയ്‌പ് നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുകെ സർക്കാർ. മോഡേണ കമ്പനിയുമായി കരാർ ഒപ്പിട്ട ആദ്യത്തെ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് യുകെ. രണ്ട് മില്യൺ മോഡേണ വാക്‌സിൻ ജനങ്ങൾക്കായി നൽകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോഡേണ കമ്പനി ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. ഇതോടെ യുകെയിലെ ജനങ്ങൾക്കായി ഉറപ്പു വരുത്തുന്ന മോഡേണ വാക്സിൻ ഡോസുകൾ ഏഴ് മില്യൺ ആയി.
മോഡേണ വാക്സിന് ഇതുവരെ മെഡിസിൻസ് ആന്‍റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ അനുമതി ലഭിച്ചിട്ടില്ലെന്ന് സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. വാക്‌സിന് അനുമതി ലഭിച്ചാൽ 2021 ആദ്യത്തിൽ തന്നെ ഏഴ് മില്യൺ വാക്‌സിനുകളോളം രാജ്യത്തേക്ക് എത്തിക്കാനാകും. വ്യത്യസ്‌തമായ ഏഴ് ഉത്‌പാദകരില്‍ നിന്ന് യുകെ ഇതിനകം 357 ദശലക്ഷം വാക്‌സിനുകൾ ഉറപ്പുവരുത്തിയിട്ടുണ്ട്. മെഡേണ വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് മോഡേണ വാക്‌സിൻ.