ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന് പ്രധാനമന്ത്രി സ്ഥാനം ഒഴിയും. ബ്രക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ പറ്റാത്തതിന്‍റെ പേരിലാണ് രാജിയെന്ന് മേ പ്രതികരിച്ചു. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും മേ പിന്‍വാങ്ങും. മേയുടെ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. പ്രസംഗത്തില്‍ വികാരധീനയായ മേ, ബ്രക്സിറ്റ് നടപ്പാക്കാന്‍ സാധിക്കാത്തതിലുള്ള ദുഃഖം പങ്കുവെച്ചു.
രാജ്യത്തിന് വേണ്ടി കഴിവിന്‍റെ പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും മേ പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും രാജ്യസേവനത്തിന് ലഭിച്ച അവസരം മികച്ച അവസരമായി കാണുന്നെന്നും മേ കൂട്ടിച്ചേര്‍ത്തു. ബ്രക്സിറ്റ് കരാറുമായി ബന്ധപ്പെട്ട നടപടികളുടെ നിയന്ത്രണം പാര്‍ലമെന്‍റ് ഏറ്റെടുത്ത സാഹചര്യത്തില്‍ തന്നെ മേ രാജി സന്നദ്ധത അറിയിച്ചിരുന്നു.