ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗ വിജയകരമായി രക്ഷാദൗത്യം നടത്തുമ്പോഴും യുക്രൈനിൽ അധികൃതർ ശ്രദ്ധിക്കാതെ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു. വടക്ക്-കിഴക്കൻ യുക്രൈനിലെ സുമി എന്ന നഗരത്തിലാണ് 650-ലധികം ഇന്ത്യൻ വിദ്യാർഥികൾ ദുരിതം അനുഭവിച്ച് തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നത്. കനത്ത ഷെല്ലാക്രമണത്തിനും വെടിവയ്പ്പിനും ഇടയിൽ സുമിയിൽ കുടുങ്ങിയ ഒരു കൂട്ടം വിദ്യാർഥികൾ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
'ഞങ്ങൾ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ സാഹചര്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആരും ഞങ്ങളെ സഹായിക്കുന്നില്ല. ഞങ്ങൾ എവിടെയാണോ അവിടെ തന്നെ തുടരാൻ മാത്രമാണ് അധികൃതർ പറയുന്നത്. പക്ഷേ എത്ര നേരം പിടിച്ച് നിൽക്കാനാകുമെന്ന് അറിയില്ല. ഞങ്ങളുടെ കൈയിലുള്ള ഭക്ഷണം രണ്ട് ദിവസത്തിലധികം നീണ്ടു നിൽക്കില്ല', കുട്ടികൾ പറഞ്ഞു.
'ഇതൊരു പഴയ നഗരമാണ്. ഇവിടെ ഞങ്ങൾക്ക് ഒളിക്കാൻ സ്ഥലങ്ങളോ മെട്രോ സ്റ്റേഷനോ ഇല്ല. പഴയ കെട്ടിടങ്ങളുടെ ബേസ്മെന്‍റിലോ ഹോസ്റ്റൽ ബേസ്മെന്‍റുകളിലോ ഒളിച്ചാണ് ഞങ്ങൾ ഇത്രയും നാൾ ജീവൻ നിലനിർത്തിയത്. ഇവിടെ ആക്രമണം സംഭവിച്ചാൽ ഞങ്ങളെല്ലം കെട്ടിടങ്ങൾക്കടിയിൽ പെട്ട് മരിക്കും, സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായ മുസ്‌കാൻ പറഞ്ഞു.
യുദ്ധം ആരംഭിച്ച് ഒരാഴ്‌ചയായി. ഞങ്ങൾ എല്ലാവരും ബേസ്മെന്‍റുകൾക്ക് കീഴിൽ ഒളിച്ചിരിക്കുകയാണ്. കീവിലുള്ളവർക്കും, ഖാർകീവിലുള്ളവർക്കും രക്ഷപ്പെടാനുള്ള നിർദേശങ്ങൾ നൽകുമ്പോൾ സുമിയിലുള്ള ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല. മറ്റ് സ്ഥലങ്ങളിൽ നിന്ന് നിരവധി വിദ്യാർഥികളെ ഇതിനകം ഒഴിപ്പിച്ചതായി അറിയാൻ സാധിച്ചു. എന്നാൽ ആരും തന്നെ സുമിയെക്കുറിച്ച് പറയുന്നില്ല, വിദ്യാർഥികൾ ആശങ്കകൾ പങ്കുവെച്ചു.
ALSO READ: 'ഞാനാണ് അവർക്ക് അഭയവും ഭക്ഷണവും നൽകിയത്, നിങ്ങളല്ല'; ജ്യോതിരാദിത്യ സിന്ധ്യയെ ശാസിച്ച് റൊമേനിയൻ മേയർ
യുക്രൈന്‍റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒരു ചെറിയ നഗരമാണ് സുമി. റഷ്യൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ മാത്രം ദൂരമേ സുമിയിലേക്കുള്ളു. പോളണ്ട്, ഹംഗറി, റൊമാനിയ തുടങ്ങിയ പടിഞ്ഞാറൻ അതിർത്തി രാജ്യങ്ങളെല്ലാം സുമിയിൽ നിന്ന് 1200-1500 കിലോമീറ്റർ അകലെയാണ്.