ജനീവ: 171 രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. പ്രതിരോധ ശേഷി നശിപ്പിക്കാനുള്ള ഒമിക്രോണിന്‍റെ ശേഷി കണക്കിലെടുത്ത് ആഗോളതലത്തിൽ ഡെൽറ്റക്ക് പകരം ഉടൻ തന്നെ ഒമിക്രോൺ വ്യാപിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗപ്രതിരോധ ശേഷി തകർക്കുന്നതാണ് ഒമിക്രോണിന്‍റെ അതിദ്രുത വ്യാപനത്തിന് കാരണം.
ഒമിക്രോൺ മൂലമുണ്ടാകുന്ന അസുഖത്തിന്‍റെ തീവ്രത വളരെ കുറവാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അപകട സാധ്യത വളരെ കൂടുതലാണെന്നും മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണെന്നുമാണ് നിലവിലെ തെളിവുകൾ കാണിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ഗുരുതര രോഗത്തിനും മരണത്തിനും മറ്റ് വകഭേദങ്ങളേക്കാൾ സാധ്യത കുറവാണെങ്കിലും ഉയർന്ന തോതിലുള്ള വ്യാപനം വലിയ രീതിയിൽ ആശുപത്രിയിൽ പ്രവേശനം വർധിക്കാൻ കാരണമായി. മിക്ക രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനത്തെ ഇത് ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണ് നിലവിൽ. ഡെൽറ്റയേക്കാൾ വേഗത്തിൽ ഒമിക്രോൺ വകഭേദം മനുഷ്യരുടെ ശ്വാസകോശ കലകളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.
Also Read: അരുണാചലിൽ നിന്ന് ലഡാക്കിലേക്ക്... വനിത സാഹസിക സംഘത്തിൽ 60 കഴിഞ്ഞ നാല് പേർ