പാരിസ്: മുസ്ലീം പ്രവാചകന്‍റെ കാർട്ടൂൺ ക്ലാസിൽ കാണിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകനെ ശിരഛേദം ചെയ്തതുൾപ്പെടെ നിരവധി സംഘർഷങ്ങൾക്കിടയിൽ ഫ്രാൻസിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. നീസിലെ നോട്രെ ഡാം ബസിലിക്കയ്‌ക്ക് നേരെ അക്രമം നടത്തിയയാളുമായി ബന്ധമുണ്ടെന്ന് കരുതുന്ന 47 ക്കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേര് വ്യക്തമാക്കിയിട്ടില്ല. ഫ്രാൻസിലെയും ടുണീഷ്യയിലെയും തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർമാർ അന്വേഷണം നടത്തുകയാണ്.
ടുണീഷ്യക്കാരനായ ഇബ്രാഹിം ഇസ്സൗയിയാണ് പള്ളിയിൽ ആക്രമണം നടത്തിയത്. ഇബ്രാഹിം ഇങ്ങനെയൊരു ആക്രമണം നടത്തുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലെന്ന് ഇയാളുടെ അമ്മയും സഹോദരനും അയൽവാസിയും വെള്ളിയാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിൽ പറഞ്ഞു. ആക്ഷേപഹാസ്യ പത്രമായ ചാർലി ഹെബ്ഡോ, മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ വീണ്ടും പ്രസിദ്ധീകരിച്ചതിന് ശേഷം രണ്ടു മാസത്തിനുള്ളിൽ ഫ്രാൻസിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. സ്കൂളുകളും ആരാധനാലയങ്ങളും സംരക്ഷിക്കുന്നതിനായി വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം 3,000 ത്തിൽ നിന്ന് 7,000 ആക്കുമെന്ന് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു.