ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വേയെ ബ്രിട്ടീഷ് രാജ്ഞിയുടെ കോര്‍ട്ട് ഓഫ് കൗണ്‍സിലായി നിയമിച്ചു. വരുന്ന മാര്‍ച്ചില്‍ സാല്‍വേയെ ഔദ്യോഗികമായി തല്‍സ്ഥാനത്ത് നിയമിക്കും. ബ്രിട്ടണ്‍ നിയമ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. അഭിഭാഷകനെന്ന നിലയില്‍ ആസാമാന്യമായ മികവ് പുലര്‍ത്തുന്നവര്‍ക്കാണ് കോര്‍ട്ട് ഓഫ് കൗണ്‍സിലായി നിയമനം ലഭിക്കുക.
ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തടങ്കലില്‍ വച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിനുവേണ്ടി അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് ഹരീഷ് സാല്‍വേ. കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ നല്‍കികൊണ്ടുള്ള പാകിസ്ഥാന്‍ കോടതിയുടെ വിധിക്ക് സ്‌റ്റേ വാങ്ങിയത് ഹരീഷ് സാല്‍വേയുടെ കഴിവായി വിലയിരുത്തപ്പെട്ടിരുന്നു.
ബ്രിട്ടീഷ് ഹൈക്കോടതിയിലും തന്‍റെ കഴിവ് തെളിയിച്ച അഭിഭാഷകനാണ് ഹരീഷ് സാല്‍വേ. ബ്രിട്ടീഷ് ബാങ്കിലെ 306 കോടി രൂപയുടെ നിക്ഷേപത്തിന്‍റെ അവകാശം സംബന്ധിച്ച് ഹൈദരാബാദ് എട്ടാം നെസാമിനും മകനുമെതിരെ പാകിസ്ഥാന്‍ നല്‍കിയ കേസില്‍ നൈസാമിന് വേണ്ടി ഹാജരായ സാല്‍വേ നൈസാമിന് അനുകൂലമായി വിധി നേടിയെടുക്കുകയുണ്ടായി.
നാഗ്‌പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ ഹരീഷ് സാല്‍വേ 1999 മുതല്‍ 2002 വരെയാണ് ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ പദവി വഹിച്ചത്.