പാരീസ്: അല്‍ഖ്വെയ്‌ദയുടെ ഉത്തര ആഫ്രിക്കന്‍ നേതാവിനെ ഫ്രഞ്ച് സൈന്യം വധിച്ചു. കമാന്‍ഡറായ അബ്‌ദേല്‍ മാലേക്ക് ഡ്രോക്ഡേലിനെയാണ് ഫ്രഞ്ച് സൈന്യം കൊലപ്പെടുത്തിയതായി ഫ്രഞ്ച് പ്രതിരോധമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ അല്‍ഖ്വെയ്‌ദ നേതാവിന്‍റെ മരണത്തെക്കുറിച്ച് അല്‍ഖ്വെയ്‌ദ ഇസ്ലാമിക് മഗ്‌രിബിലില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയാണ് ഇയാളുടെ മരണവിവരം ട്വിറ്ററിലൂടെയറിയിച്ചത്. ബുധനാഴ്‌ച വടക്കന്‍ മാലിയില്‍ വച്ചാണ് ഫ്രഞ്ച് സൈന്യം ഭീകര നേതാവിനെയും കൂട്ടാളികളെയും വധിച്ചത്. മേഖലയിലെ ഭീകരര്‍ക്കെതിരെ പോരാടുന്നതിനായി ജനുവരിയില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും, ജി 5 സഹേല്‍ രാജ്യങ്ങളായ മൗറിറ്റാനിയ, ബുര്‍ക്കിന ഫാസോ, നൈജര്‍, ചാദ് എന്നിവിടങ്ങളിലെ നേതാക്കളും സംയുക്ത പദ്ധതി ആരംഭിച്ചിരുന്നു.
ഫ്രാന്‍സ് 600ല്‍ പരം അധിക സൈന്യത്തെയും മേഖലയില്‍ വിന്യസിച്ചിരുന്നു. 5100 സൈനികരാണ് മേഖലയിലുണ്ടായിരുന്നത്. സഹേല്‍ മേഖലയിലെ സര്‍ക്കാരുകളോട് ഫ്രഞ്ച് സൈന്യത്തെ പിന്‍വലിക്കണമെന്ന് നേരത്തെ അബ്‌ദേല്‍ മാലേക്ക് ഡ്രോക്‌ഡേല്‍ ആവശ്യപ്പെട്ടിരുന്നു. 1990കളില്‍ അള്‍ജീരിയയില്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളോടെയാണ് അബ്‌ദേല്‍ മാലേക്ക് ഡ്രോക്‌ഡേലിന്‍റെ തുടക്കം. അള്‍ജീരിയയില്‍ നടന്ന നിരവധി ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഡ്രോക്‌ഡേലിന്‍റെ നേതൃത്വത്തിലുള്ള അല്‍ഖ്വെയ്‌ദ സംഘം ഏറ്റെടുത്തിരുന്നു. 2007ല്‍ അള്‍ജീരിയയിലെ യുഎസ് കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണവും സംഘം നടത്തിയതായിരുന്നു. വടക്കന്‍ ആഫ്രിക്കയിലെയും സഹേല്‍ മേഖലയിലെയും അല്‍ഖ്വെയ്‌ദ ഗ്രൂപ്പുകളുടെ കമാന്‍ഡറായി ഇയാള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മാലി മിലിട്ടറി സേന, യുഎന്‍ സമാധാന സേനാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെഎന്‍ഐഎം അടക്കമുള്ള ഗ്രൂപ്പുകളുടെ കമാന്‍ഡര്‍ ഇയാളായിരുന്നു. മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഏറ്റ കനത്ത പ്രഹരമാണ് കമാന്‍ഡറുടെ വധമെന്ന് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.