പാരീസ്: 12 ദിവസങ്ങള്‍ക്കകം ബ്രക്‌സിറ്റ് കരാറിനായി പദ്ധതി രൂപരേഖ സമര്‍പ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടന് അന്ത്യശാസനം നല്‍കി. നടപടിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറങ്ങിപോകണമെന്നുള്ള കടുത്ത നിര്‍ദേശമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് നല്‍കിയത്. ഇതോടെ മുന്‍ കരാറിലെ പ്രധാന വിവാദ വിഷയമായ ഐറിഷ് ബോര്‍ഡര്‍ ബാക്ക്സ്റ്റോപ്പിന് പകരമുള്ള പദ്ധതി ഈ മാസം 30ന് മുമ്പ് സമര്‍പ്പിക്കണം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി ആന്‍റി റിന്നെയും പാരീസില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്നത് ഫിന്‍ലന്‍ഡാണ്.
ബ്രിട്ടണില്‍ ബ്രക്‌സിറ്റിന്‍റെ പേരില്‍ സംഭവിക്കുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്ന് ആന്‍റി റിന്നെ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. ബ്രക്‌സിറ്റ് നടപടികളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് അഞ്ചാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്ത ബോറിസ് ജോണ്‍സന് പുതിയ നിര്‍ദ്ദേശം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.