സൂറിച്ച്: ലോക ഫുട്‌ബോളിലെ ഈ വര്‍ഷത്തെ 2 പ്രധാന ചാമ്പ്യന്‍ഷിപ്പുകളായ യൂറോ കപ്പും കോപ്പ അമേരിക്കയും മാറ്റിവെക്കാന്‍ തീരുമാനം. കൊവിഡ് ഭീതി മൂലം യൂറോപ്യന്‍ ഫുട്ബോള്‍ ഭരണ സമിതിയായ യുവേഫയുടെ പ്രസിഡന്‍റ് അലക്‌സാണ്ടര്‍ സെഫെറിന്‍ അറിയിച്ചു. യുവേഫയും അംഗരാജ്യങ്ങളിലെ അസോസിയേഷനുകളും യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ പ്രതിനിധികളുമെല്ലാം ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ടൂര്‍ണമെന്‍റ് നീട്ടിവെക്കുമെന്ന് നേരത്തെ നോര്‍വെ, സ്വീഡിഷ് ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ ട്വീറ്റ് ചെയ്തു.
ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെ യൂറോപ്പിലെ 12 രാജ്യങ്ങളിലെ 12 വേദികളിലായി യൂറോ കപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതേ സമയക്രമത്തില്‍ കൊളംബിയയിലും അര്‍ജന്‍റീനയിലുമായി നിശ്ചയിച്ചിരുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്‍റും മാറ്റിയതായി തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനായ കോബോളും അറിയിച്ചു.