ജനീവ: ലോകമെങ്ങും കൊവിഡ് 19 ഭീതി പടർന്ന് പിടിക്കുന്നതിനിടെ രോഗത്തിന്‍റെ പുതിയ ആഗോള ആസ്ഥാനമായി യൂറോപ്പിനെ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ചൈനയില്‍ നിന്നും രോഗം മാറി തുടങ്ങിയെങ്കിലും യൂറോപ്പില്‍ ദിനംപ്രതി രോഗ ബാധിതരുടെ എണ്ണം വർധിച്ച് വരികയാണ്. ഇതേ തുടർന്നാണ് പുതിയ ആസ്ഥാനമായി യൂറോപ്പിനെ പ്രഖ്യാപിച്ചതെന്ന് ഡയറക്ടർ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസ് ജനീവയില്‍ പറഞ്ഞു.
ലോകത്തെ വിറപ്പിച്ച കൊവിഡ് 19 രോഗ ബാധയില്‍ ഏകദേശം 5000 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ചൈനയൊഴികെ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് യൂറോപ്പിൽ ഇപ്പോൾ കൂടുതൽ വൈറസ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്താകെ 1,35,000 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 62,000 പേർക്ക് രോഗം ഭേദമായാതായും റിപ്പോർട്ടുകൾ പറയുന്നു.