ബ്രസ്സൽസ്: കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും ഒപ്പുവച്ച ബ്രക്സിറ്റ് കരാർ ലംഘിച്ച് നിയമങ്ങൾ പാസാക്കിയതിന് യൂറോപ്യൻ യൂണിയൻ ബ്രിട്ടനെതിരെ നടപടി സ്വീകരിച്ചു. ബിൽ പിൻവലിക്കാൻ യൂറോപ്യൻ യൂണിയൻ ബുധനാഴ്ച വരെ ബ്രിട്ടന് സമയം നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രി ബ്രിട്ടൻ ബിൽ പാസാക്കിയതിന് തുടർന്നാണ് നിയമനടപടി സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചത്. നടപടി യൂറോപ്യൻ യൂണിയനും ബ്രിട്ടനുമിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് സൂചന.
ഗുഡ് ഫ്രൈഡേ സമാധാന കരാറിനെയും ബ്രെക്സിറ്റ് കരാറിനെയും ബഹുമാനിക്കുന്നുണ്ടെന്ന് യുകെ സർക്കാർ പറഞ്ഞു. ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ യൂണിയൻ യുക്തിരഹിതമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നും യുകെ അറിയിച്ചു. താരിഫുകളോ ക്വാട്ടകളോ ഇല്ലാതെ ചരക്ക് വ്യാപാരം നടത്താൻ അനുവദിക്കുന്ന ഒരു സ്വതന്ത്ര വ്യാപാര ഇടപാട് വേണമെന്നാണ് ബ്രിട്ടന്‍റെ ആവശ്യം.
അതേസമയം, വർഷാവസാനത്തിനുമുമ്പ് അടിസ്ഥാനപരമായ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കാൻ ഇരുപക്ഷവും ശ്രമിക്കുന്നുണ്ടെങ്കിലും വിവാദമായ യുകെ ആഭ്യന്തര വിപണി ബിൽ ബ്രിട്ടണും യുറോപ്യൻ യൂണിയനുമായുള്ള ബന്ധത്തെ കൂടുതൽ വഷളാക്കാനാണ് സാധ്യത. ജനുവരി 31 വരെ ബ്രിട്ടൺ യുറോപ്യൻ യൂണിയന്‍റെ ഭാഗമായിരുന്നു.