മോസ്‌കോ:റഷ്യയിൽ സമീപ കാലത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരെ ജയിലിലടച്ച സംഭവത്തിൽ പ്രതികരണവുമായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്. നിയമവിരുദ്ധ റാലികളിൽ പങ്കെടുക്കുന്ന പ്രതിഷേധക്കാരെ ജയിലിലടയ്‌ക്കുന്നത് നിയമലംഘകർക്കെതിരായ പൊലീസ് നടപടിയാണെന്നും അടിച്ചമർത്തൽ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്‌ച ഒരു പ്രതിദിന സമ്മേളനത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവും നിരൂപകനുമായ അലക്‌സി നവാൽനിയെ ജയിലിലടച്ചതിനെ തുടർന്നാണ് രാജ്യത്ത് പ്രതിഷേധം ആരംഭിച്ചത്. അലക്‌സി നവാൽനിയുടെ കേസുമായി ബന്ധപ്പെട്ട് റഷ്യക്കെതിരായ ഉപരോധം സംബന്ധിച്ച യുഎസ് കോൺഗ്രസ് ബില്ലിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു.
പ്രൊബേഷൻ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് 2014 ൽ മോസ്‌കോ കോടതി നവാൽനിക്ക് മൂന്നര വർഷം തടവ് ശിക്ഷ വിധിച്ചത്. ജനുവരി 17ന് ജർമനിയിൽ നിന്ന് മോസ്‌കോ വിമാനത്താവളത്തിൽ വന്നിറങ്ങിയ അലക്‌സി നവാൽനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കാൻ നിരവധി പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.