റോം: രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തിട്ട് നാല് മാസം പിന്നിടുമ്പോഴും നിയന്ത്രണ വിധേയമാകാതെ പടരുകയാണ് കൊവിഡ് 19. 13,001 പേരാണ് ലോകത്താകെ മരണപ്പെട്ടിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30,4900 ആയി ഉയര്‍ന്നു. ഇതില്‍ 94,793 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇപ്പോഴും രോഗികളായി തുടരുന്ന 197,106 പേരില്‍ 9,382 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി യൂറോപ്പിലാണ് രോഗം കനത്ത നാശം വിതയ്‌ക്കുന്നത്. രോഗബാധയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇറ്റലിയില്‍ മരണസംഖ്യ 4825 ആയി. ഇന്നലെ മാത്രം 793 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഓരോ ദിവസം കഴിയുന്തോറും ഇറ്റലിയിലെ മരണനിരക്ക് വന്‍ തോതിലാണ് ഉയരുന്നത്.
മരണനിരക്കിന്‍റെ കാര്യത്തില്‍ ഇറാനിലും കുറവ് വന്നിട്ടില്ല. ഇന്നലെ മരിച്ച 123 പേരടക്കം 1556 പേരാണ് ഇറാനില്‍ മരണപ്പെട്ടിരിക്കുന്നത്. സ്‌പെയിനില്‍ മരണം 1378 ആയി. ഇന്നലെ 285 പേരാണ് ഇവിടെ മരിച്ചത്. അമേരിക്കയിലെ മരണ നിരക്ക് മുന്നൂറ് കടന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌ത 46 മരണങ്ങളടക്കം 302 പേരാണ് രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്. ഫ്രാന്‍സില്‍ മരണം അഞ്ഞൂറ് കവിഞ്ഞു. ആകെ മരണസംഖ്യ 562 ആയി. ഇന്നലെ എട്ട് പേര്‍ മരിച്ചതോടെ ദക്ഷിണ കൊറിയയിലെ മരണം നൂറ് കവിഞ്ഞു. 102 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ബ്രിട്ടണിലും ഇന്നലെ 56 പേര്‍ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 233 ആയി. സിങ്കപ്പൂര്‍, ഐസ്‌ലന്‍ഡ്, പെറു എന്നിവിടങ്ങളില്‍ ഇന്നലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്‌തു. രണ്ട് പേരാണ് സിങ്കപ്പൂരില്‍ ഇന്നലെ മരിച്ചത്. അതേസമയം രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത ചൈനയില്‍ മരണനിരക്കും പുതിയ രോഗ ബാധിതരുടെ എണ്ണവും കുത്തനെ കുറഞ്ഞു. ഏഴു പേരാണ് ഇന്നലെ മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച 41 പേര്‍ വിദേശികളാണ്.