ലണ്ടൻ: പരീക്ഷണങ്ങൾ സുരക്ഷിതമാണെന്ന് മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എംഎച്ച്ആർഎ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ബയോഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിക്കുന്ന വൈറസ് വാക്‌സിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ യുകെയിൽ പുനഃരാരംഭിച്ചു.
വാക്സിൻ സംബന്ധിച്ച് കൂടുതൽ മെഡിക്കൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ട്രയൽ സ്പോൺസറായി ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും പറഞ്ഞെങ്കിലും പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണത്തിൽ പങ്കെടുത്ത ഒരാൾക്ക് രോഗം ബാധിച്ചതിനെ തുടർന്ന് സെപ്റ്റംബർ 6നാണ് പരീക്ഷണങ്ങളിൽ താൽക്കാലികമായി നിർത്തിവച്ചത്.
എല്ലാ ട്രയൽ ഇൻവെസ്റ്റിഗേറ്റർമാരുടെയും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുമെന്നും ക്ലിനിക്കൽ ട്രയൽ, റെഗുലേറ്ററി മാനദണ്ഡങ്ങൾ അനുസരിച്ച് ആഗോള ക്ലിനിക്കൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും അസ്ട്രാസെനെക്ക പറഞ്ഞു. വാക്സിന്‍റെ ഘട്ടം I, II ഫലങ്ങൾ പോസിറ്റീവ് ആയിരുന്നു. വൈറസിനെ പ്രതിരോധിക്കാൻ പ്രധാനമായ ടി സെല്ലുകളാണ് വാക്സിന്‍റെ നിർണ്ണായക പ്രത്യേകത.
പഠനസമയത്ത്, വാക്സിൻ സ്വീകരിച്ചവരിൽ കണ്ടെത്തിയ ന്യൂട്രലൈസിംഗ് ആന്‍റിബോഡികൾ വൈറസ് പ്രതിരോധത്തിന് പ്രധാനമാണെന്ന് ഗവേഷകർ നിർദ്ദേശിച്ചിട്ടുണ്ട്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന് കൊവിഡ് വാക്സിനുകളിൽ ആറെണ്ണം പരിശോധനയുടെ അവസാന ഘട്ടത്തിലാണ്. ഇത് മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ എന്നറിയപ്പെടുന്നു.