ലണ്ടന്‍: മുത്തഹിദ ഖ്വാമി പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ അൽതാഫ് ഹുസൈനെതിരെ തീവ്രവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 2016 ല്‍ നടത്തിയ പ്രസംഗത്തില്‍ അനുയായികളോട് നിയമം കൈയിലെടുക്കാന്‍ അൽതാഫ് ഹുസൈന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് 66 കാരനായ ഹുസൈനെ കസ്റ്റഡിയിലെടുത്തത്. വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അൽതാഫ് ഹുസൈന് ജാമ്യം ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാമ്യ വ്യവസ്ഥ അനുസരിച്ച് യുകെ വിട്ട് പുറത്ത് പോകുന്നതിനും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
1990 ലാണ് പാക്കിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് അൽതാഫ് ഹുസൈന്‍ പലായനം ചെയ്യുന്നത്. പിന്നീട് അദ്ദേഹം ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു. അക്രമത്തില്‍ ഏര്‍പ്പെടാന്‍ അനുയായികളെ ഇയാള്‍ നിരന്തരം പ്രേരിപ്പിച്ചിരുന്നു.