ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 2021ൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതായി റിപ്പോർട്ട്. ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ 2020നെ അപേക്ഷിച്ച് 2021ൽ 42% വർധനവുണ്ടായതായി സിവിൽ സൊസൈറ്റി ആക്‌ടിവിസ്റ്റുകൾ സ്ഥാപിച്ച പാകിസ്ഥാൻ ആസ്ഥാനമായ സെന്‍റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (സിആർഎസ്എസ്) പുറത്തിറക്കിയ വാർഷിക സുരക്ഷ റിപ്പോർട്ടിൽ പറയുന്നു. ആക്രമണങ്ങളെ തുടർന്ന് 853 മരണങ്ങളും 1690 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020ൽ ആക്രമണങ്ങളെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 600 ആയിരുന്നു.
2021ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളെ തുടർന്നുണ്ടായ മരണങ്ങളിൽ 75 ശതമാനവും പാകിസ്ഥാൻ പ്രവിശ്യയായ ഖൈബർ പഖ്‌തൂൺഖ്വായിലും 8 ശതമാനം പഞ്ചാബ് പ്രവിശ്യയിലുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2020ലെ മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഇസ്ലാമാബാദ്, ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നിവയൊഴികെയുള്ള എല്ലാ പ്രദേശങ്ങളിലും വൻതോതിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്.
2020നെ അപേക്ഷിച്ച് രാജ്യത്തെ സുരക്ഷ പ്രവർത്തനങ്ങളിലും ഭീകരാക്രമണങ്ങളിലും 40 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. 2021ൽ 146 സുരക്ഷ പ്രവർത്തനങ്ങൾ നടത്തുകയും അതിൽ 298 ഭീകരർ കൊല്ലപ്പെടുകയും ചെയ്‌തുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. താലിബാൻ ഭീകരർ ഉൾപ്പെട്ട ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ(ടിഎൽപി) സൃഷ്‌ടിച്ച ആൾക്കൂട്ട ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 1,056 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നും റിപ്പോർട്ട് പറയുന്നു.
Also Read: ഇറാഖിലെ യുഎസ് താവളത്തിൽ ഡ്രോൺ ആക്രമണം; ചെറുത്ത് സൈനിക സഖ്യം