സിയോൾ: ആണവവൽക്കരണ ചർച്ചകൾക്ക് മുന്നോടിയായി അമേരിക്ക-ഉത്തര കൊറിയ ഉദ്യോഗസ്ഥർ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ വെള്ളിയാഴ്‌ച കൂടിക്കാഴ്‌ച നടത്തും. ചർച്ചയുടെ കൃത്യമായ സമയവും സ്ഥലവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരുപക്ഷവും രാവിലെ ആദ്യ കൂടിക്കാഴ്‌ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യോൺഹാപ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് ഡെപ്യൂട്ടി ചീഫ് മാർക്ക് ലാംബർട്ടും ഉത്തര കൊറിയയുടെ ക്വോൺ ജോങ്-ഗണുമാണ് ആദ്യ കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യത്തിൻ്റെയും ആണവ വക്താക്കളായ സ്റ്റീഫൻ ബീഗനും കിം മ്യോങ്-ഗിലും നേരിൽ കാണുമെന്ന് നിരീക്ഷകർ പറഞ്ഞു.
പ്യോങ്‌യാങ്ങിൻ്റെ നിരായുധീകരണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനായി ശനിയാഴ്‌ച പ്രവർത്തനതല ചർച്ച നടത്തും. പ്രവർത്തനതല ചർച്ചകൾ ഉത്തര കൊറിയ - യുഎസ് ബന്ധം മെച്ചപ്പെടുത്തുമെന്നും ഇരു രാജ്യങ്ങളുടെയും വികസം ത്വരിതപ്പെടുത്തുമെന്നും ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി ചോ സോൻ-ഹുയിയെ ഉദ്ധരിച്ച് കൊറിയൻ കേന്ദ്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.