മോസ്‌കോ : ഫെബ്രുവരി 16 ന് റഷ്യ ആക്രമിച്ചേക്കുമെന്ന യുക്രൈന്‍റെ ആരോപണത്തിനെതിരെ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ല. സംഘർഷം ലഘൂകരിക്കാന്‍ പാശ്ചാത്യരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
മിസൈൽ വിന്യാസത്തിന്‍റെയും സൈനിക സുതാര്യതയുടെയും പരിധി സംബന്ധിച്ച് യു.എസുമായും നാറ്റോയുമായും ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ അമേരിക്കയും നാറ്റോയും സുരക്ഷയ്‌ക്കായി ഇടപെടുന്നു. ഒരു രാജ്യവും മറ്റുള്ളവരുടെ ചെലവിൽ സ്വന്തം സുരക്ഷ ശക്തിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ ആവശ്യം നിരസിച്ച് രാജ്യങ്ങള്‍
ജർമന്‍ ചാൻസലർ ഒലാഫ് ഷോൾസുമായി മോസ്കോയിൽ നടത്തിയ ചർച്ചകൾക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പുടിന്‍. റഷ്യ, യുക്രൈനെ ആക്രമിച്ചാൽ യൂറോപ്പിലേക്കുള്ള വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് പാശ്ചാത്യ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടര്‍ന്നാണ് പുടിന്‍റെ നിലപാടെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
യുക്രൈനെയും മറ്റ് മുൻ സോവിയറ്റ് രാജ്യങ്ങളെയും നാറ്റോയിൽ നിന്ന് മാറ്റിനിർത്താനും റഷ്യൻ അതിർത്തിക്ക് സമീപമുള്ള ആയുധ വിന്യാസം നിർത്താനും കിഴക്കൻ യൂറോപ്പിൽ നിന്ന് സഖ്യസേനയെ പിൻവലിക്കാനും റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇത് യു.എസും നാറ്റോയും നിരസിച്ചു. റഷ്യ മുന്‍പ് നിർദേശിച്ച സുരക്ഷ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനും അവർ സമ്മതിച്ചു.
യുക്രൈൻ വിഷയത്തിൽ റഷ്യയ്‌ക്ക് താക്കീതുമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തി. യുക്രൈനെ ആക്രമിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന് ബൈഡൻ മുന്നറിയിപ്പ് നൽകി.
ALSO READ: 'വലിയ വില കൊടുക്കേണ്ടി വരും': യുക്രൈൻ വിഷയത്തിൽ പുടിന് ബൈഡന്‍റെ മുന്നറിയിപ്പ്