കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്ന് മുൻ വൈസ് പ്രസിഡന്‍റും സ്വയം പ്രഖ്യാപിത ആക്‌ടിങ് പ്രസിഡന്‍റുമായ അമറുള്ള സാലേ.
താലിബാന്‍റെ ഇസ്ലാമിക് എമിറേറ്റ് ഭരണം അഫ്‌ഗാൻ ജനതയ്ക്ക് അംഗീകരിക്കാൻ സാധിക്കില്ല. ഒരു പ്രത്യേക സംഘം നേതാവിനെ തെരഞ്ഞെടുക്കുന്ന രീതി സ്വീകാര്യമല്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
താലിബാന് രാജ്യത്തിന് അകത്തോ പുറത്തോ നിയമസാധുതയില്ല. ഉടന്‍ തന്നെ താലിബാന് സൈനിക പ്രതിസന്ധി നേരിടേണ്ടി വരും.
യുറോപ്യൻ യൂണിയൻ ധാർമിക ഉത്തരവാദിത്വം മനസിലാക്കി അഫ്‌ഗാന്‍റെ ദേശീയ പ്രതിരോധത്തെ പിന്തുണക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
READ MORE: അഫ്‌ഗാനില്‍ നിന്ന് അവസാന പൗരനെയും നാട്ടിലെത്തിച്ച് ബ്രിട്ടന്‍
താലിബാൻ അഫ്‌ഗാൻ പിടിച്ച സാഹചര്യത്തിൽ എന്തുകൊണ്ട് രാജ്യം വിട്ടില്ലെന്ന ചോദ്യത്തിന്, താൻ അഹമ്മദ് ഷാ മസൂദിന്‍റെ പട്ടാളക്കാരനാണെന്നും പ്രതികൂല സാഹചര്യങ്ങളിൽ രാജ്യം വിട്ടുപോകുകയെന്നത് തങ്ങളുടെ നിലപാട് അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യം വിട്ടുപോയാൽ താൻ ജീവിച്ചിരുപ്പുണ്ടാകുമെന്നും എന്നാൽ താൻ മനസുകൊണ്ട് മരിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താലിബാനെ ഇപ്പോഴും പ്രതിരോധിക്കുന്ന ഏക മേഖലയാണ് പഞ്ച്ഷിർ. ഭാരം കൂടിയ മെഷീൻ ഗണ്ണുകള്‍ അടക്കമാണ് പഞ്ച്ഷിറിന് മേൽ താലിബാൻ പ്രയോഗിക്കുന്നത്.