കാബൂൾ: കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ അഫ്ഗാനിസ്ഥാനിലെ വിവിധ ഇടങ്ങളിൽ താലിബാൻ 141 ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തിൽ ഒരു കമാൻഡോ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. താലിബാന്‍റെ നൂറിൽ അധികം പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ താലിബാൻ ഈ കണക്ക് നിരസിച്ചു.
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ അഫ്ഗാൻ സേനയിലെ അംഗങ്ങളും സാധാരണക്കാരും അടക്കം 438 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 190 ആക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് നാറ്റോ-യു.എസ് സൈന്യം പൂർണമായും പിന്മാറുന്നതിന്‍റെ ഭാഗമായാണ് ആക്രമണങ്ങൾ ശക്തമായത്.