കാബൂള്‍: അഫ്‌ഗാനിസ്ഥാന്‍ മുന്‍ വൈസ് പ്രസിഡന്‍റും പ്രതിരോധ സേന തലവനുമായ അമറുല്ല സ്വാലിഹിന്‍റെ സഹോദരനെ താലിബാന്‍ വധിച്ചതായി റിപ്പോര്‍ട്ട്. അമറുല്ല സ്വാലിഹിന്‍റെ മൂത്ത സഹോദരന്‍ റോഹുല്ല അസീസിയെയാണ് താലിബാന്‍ കൊലപ്പെടുത്തിയത്.
പഞ്ച്ഷീർ പ്രവശ്യ തലസ്ഥാനമായ ബസറാക്ക് താലിബാൻ കീഴടക്കിയതിന് പിന്നാലെയാണ് സാലിഹിന്‍റെ സഹോദരനെ താലിബാന്‍ വധിച്ചത്. പഞ്ച്‌ഷീറില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താലിബാന്‍ പിടികൂടി വെടിവയ്ക്കുകയായിരുന്നുവെന്ന് അഫ്‌ഗാന്‍ മാധ്യമപ്രവര്‍ത്തകയായ സാറ റാഹിമി ട്വീറ്റ് ചെയ്‌തു.
അതേസമയം, ഇസ്‌ലാം വിശ്വാസ പ്രകാരം റോഹുല്ല അസീസിയുടെ സംസ്‌കാരം നടത്താന്‍ താലിബാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു. തുറസായ സ്ഥലത്ത് മൃതദേഹം അഴുകണമെന്ന് താലിബാന്‍ പറഞ്ഞതായി കുടുംബാംഗങ്ങളെ ഉദ്ദരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു.
പഞ്ച്ഷീര്‍ പ്രവശ്യ കേന്ദ്രമാക്കി താലിബാനെതിരെ ചെറുത്ത് നില്‍ക്കുന്ന പ്രതിരോധ സേനയുടെ നേതാക്കളില്‍ ഒരാളാണ് അമറുള്ള സാലിഹ്. മുന്‍ അഫ്‌ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതിന് പിന്നാലെ പ്രസിഡന്‍റിന്‍റെ അസാന്നിധ്യത്തില്‍ ഭരണഘടനയനുസരിച്ച് താനാണ് പുതിയ ഇടക്കാല പ്രസിഡന്‍റെന്ന് അമറുല്ല സ്വാലിഹ് അവകാശ വാദം ഉന്നയിച്ചിരുന്നു.
അമറുല്ല സ്വാലിഹും അഹമദ് മസൂദും എവിടെയാണെന്നതില്‍ അവ്യക്തത തുടരുകയാണ്. നേരത്തെ ഇരുവരും തജിക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നാലെ പഞ്ച്ഷീറില്‍ തന്നെയുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ അമറുല്ല സ്വാലിഹ് ട്വിറ്ററില്‍ പങ്കു വച്ചിരുന്നു.
Also read: 'താലിബാൻ പഞ്ച്ഷീർ വിട്ടാല്‍ പോരാട്ടം അവസാനിപ്പിക്കാം'; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അഹമ്മദ് മസൂദ്