കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ആക്രമണത്തിൽ 12 പൊലീസുകാരും നാല് സാധാരണക്കാരും കൊല്ലപ്പെട്ടു. കുന്ദൂസ്, ബദാക്ഷൻ പ്രവിശ്യകളിൽ നടന്ന ആക്രമണത്തിൽ 11 അക്രമികളും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി നടന്ന ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. തീവ്രവാദികൾ പൊലീസ് സ്റ്റേഷനിലും മറ്റ് സർക്കാർ ഓഫീസുകളിലും അതിക്രമിച്ച് കടന്നു. ഇന്ന് പുലർച്ചെ വരെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നു. സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചതോടെ താലിബാൻ സംഘം പിന്മാറി.
ബദാക്ഷനിൽ നടന്ന ആക്രമണത്തിൽ ഏഴ് പൊലീസുകാരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടു. അർഘഞ്ച്വ ജില്ലയിലെ ചെക്ക്പോയിന്‍റിൽ നടന്ന ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. തീവ്രവാദികളിൽ നിരവധി വിദേശികളും ഉൾപ്പെടുന്നതായി ഒരു പ്രവിശ്യാ സർക്കാർ വക്താവ് അറിയിച്ചു. രണ്ട് പ്രവിശ്യകളിലും വർഷങ്ങളായി സുരക്ഷാ സേനയും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഫെബ്രുവരിയിൽ താലിബാനും അമേരിക്കയും തമ്മിൽ സമാധാന കരാർ ഒപ്പിട്ടതിനുശേഷം പ്രസിഡന്‍റ് മുഹമ്മദ് അഷ്‌റഫ് ഘാനി ഉൾപ്പെടെയുള്ളവർ അക്രമം കുറക്കാൻ താലിബാനോട് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തീവ്രവാദികൾ ആക്രമണം ശക്തമാക്കുകയാണ്.