കൊളംബോ: കൊവിഡ് രോഗവ്യാപനം കാരണം നീട്ടിവെച്ച ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിന് നടത്താൻ അനുമതി ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പോളിങ് ബൂത്തുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും നടപ്പാക്കുന്ന പുതിയ ആരോഗ്യ നടപടികൾ പരീക്ഷിക്കുന്നതിനായി ഈ ആഴ്ചാവസാനം മോക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷൻ ചെയർമാൻ മഹീന്ദ ദേശപ്രിയ അറിയിച്ചു.
തെരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട ആദ്യത്തെ ഗസറ്റ് വിജ്ഞാപനം ഭേദഗതി ചെയ്ത് പുതിയ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. മാർച്ച് രണ്ടിന് പാർലമെന്‍റ് പിരിച്ചുവിട്ട പ്രസിഡന്റ് ഗോതബായ രജപക്സെ, ഏപ്രിൽ 25നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടിക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രജപക്സെ.
അതേസമയം രാത്രികാല കർഫ്യൂ നിലയിൽക്കുന്നുണ്ടെങ്കിലും രാജ്യം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളയുകയാണ്. ഈ മാസം അവസാനം സ്കൂളുകൾ വീണ്ടും തുറക്കും. ഓഗസ്റ്റ് ഒന്ന് മുതൽ വിദേശ വിനോദസഞ്ചാരികളെ അനുവദിക്കും.