ഹോങ്കോങ്: ഹോങ്കോങ്ങിലെ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ജനാധിപത്യ അനുകൂല പാർട്ടികൾ. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് രാവിലെയാണ് പ്രഖ്യാപിച്ചു തുടങ്ങിയത്. 95 ശതമാനം സീറ്റുകളിലെ ഫലം പുറത്ത് വരുമ്പോൾ മിക്ക സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെയാണ് ജനാധിപത്യ അനുകൂല സ്ഥാനാർഥികൾ ജയം സ്വന്തമാക്കിയത്.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ 63% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 18 ജില്ലകളിലായി 452 കൗൺസിലർമാരെയാണ് തെരഞ്ഞെടുക്കുക. ജനാധിപത്യ അവകാശങ്ങൾക്കായി ആറുമാസമായി തുടരുന്ന പ്രക്ഷോഭത്തിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ്. ഹോങ്കോങ്ങിനു മേലുള്ള ചൈനയുടെ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കണമെന്നതാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.