ധാക്ക : ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിനെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്ക് പ്രേരണയായ തങ്ങളുടെ ചെയ്‌തികള്‍ സമ്മതിച്ച് അറസ്റ്റിലായ പ്രതികൾ. വിചാരണയ്ക്ക് മുമ്പുള്ള ഹിയറിംഗിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചതെന്ന് കോടതി അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തെ ദുർഗ പൂജ ആഘോഷങ്ങൾക്കിടെ ഒക്‌ടോബർ 17ന് പിർഗഞ്ച് ഉപജില്ലയിലെ രംഗ്‌പൂരിൽ ഉണ്ടായ ആക്രമണങ്ങൾക്ക് കാരണം തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റാണെന്ന് സംഭവത്തിലെ പ്രധാന പ്രതി ഷൈകത്ത് മണ്ഡൽ ഞായറാഴ്‌ച മജിസ്‌ട്രേറ്റിന് മുൻപാകെ സമ്മതിച്ചു.
മണ്ഡലിന്‍റെ കൂട്ടാളിയും മതപണ്ഡിതനുമായ റബീഉൾ ഇസ്ലാമിനെതിരെ തീവയ്പ്പും കൊള്ളയുമാണ് ആരോപിച്ചിരിക്കുന്നത്. രംഗ്‌പൂരിലെ സീനിയർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഡെൽവാർ ഹുസൈന് മുൻപാകെയാണ് ഇരുവരും ആക്രമണത്തിൽ തങ്ങൾക്കുള്ള പങ്ക് സമ്മതിച്ചത്.
വെള്ളിയാഴ്‌ച പൊലീസ് നടത്തിയ റെയ്‌ഡിൽ ഗാസിപൂരിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. ഇരുവർക്കുമെതിരെ ഡിജിറ്റൽ സുരക്ഷ നിയമപ്രകാരം കേസെടുത്തു. രംഗ്‌പൂരിലെ കാർമൈക്കൽ കോളജിലെ തത്ത്വചിന്ത വിഭാഗം വിദ്യാർഥിയായ മണ്ഡലിനെ അവാമി ലീഗിന്‍റെ വിദ്യാർഥി വിഭാഗമായ ഛത്ര ലീഗിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
Also Read: 'കശ്‌മീരില്‍ തീവ്രവാദം വർധിച്ചു, ജനങ്ങൾ ഭയാശങ്കയില്‍: ഗുലാം നബി ആസാദ്
ഫേസ്‌ബുക്കിൽ തന്‍റെ പിന്‍ഗാമികളുടെ എണ്ണം വർധിപ്പിക്കാനാണ് മണ്ഡൽ വിദ്വേഷ പരാമർശം പോസ്റ്റ് ചെയ്‌തതെന്ന് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒക്‌ടോബർ 17ന് ഉണ്ടായ സംഘർഷത്തിൽ 70ഓളം ഹിന്ദു കുടുംബങ്ങളുടെ വീടുകൾ അഗ്നിക്കിരയാക്കിയിരുന്നു.
വിചാരണയ്ക്ക് മുൻപുള്ള നടപടിയിൽ ഏഴോളം പേർ കുറ്റം സമ്മതിച്ചിട്ടുണ്ട്. 683 പേർ അറസ്റ്റിലായതായും പ്രതികളെന്ന് സംശയിക്കുന്ന 24,000 പേർക്കെതിരെ 70ഓളം കേസുകൾ രജിസ്റ്റർ ചെയ്‌തതായും അധികൃതര്‍ വ്യക്തമാക്കുന്നു.
ശനിയാഴ്‌ച സെൻട്രൽ ധാക്കയിലെ ഷാബാഗ് പ്രദേശത്തും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഹിന്ദു-ബുദ്ധ-ക്രിസ്ത്യൻ യൂണിറ്റി കൗൺസിലിന്‍റെ നേതൃത്വത്തിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ അംഗങ്ങൾ കൂട്ട നിരാഹാരവും കുത്തിയിരിപ്പ് സമരവും നടത്തി.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചിരുന്നു. മതത്തിന്‍റെ പേരിൽ ആക്രമണത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രിയോട് കഴിഞ്ഞയാഴ്‌ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന നിർദേശിച്ചിട്ടുണ്ട്.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ 169 ദശലക്ഷം വരുന്ന ജനസംഖ്യയുടെ 10 ശതമാനത്തോളം ഹിന്ദുക്കളാണ്.