കാബൂള്‍: പഞ്ച്ഷിർ പ്രവശ്യ താലിബാന് കൈമാറില്ലെന്ന് താലിബാന്‍ വിരുദ്ധ മുന്നണിയുടെ നേതാക്കളിലൊരാളായ അഹമ്മദ് മസൂദ്. പഞ്ചഷിര്‍ പ്രവശ്യ കൈമാറാന്‍ നാല് മണിക്കൂര്‍ നല്‍കുമെന്നാണ് താലിബാന്‍ അറിയിച്ചത്. താലിബാന്‍ പഞ്ച്ഷിർ പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ ചെറുത്തുനിൽക്കുമെന്നും മസൂദ് പറഞ്ഞു.
പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും
'ഒരു യുദ്ധമുണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ താലിബാന്‍ പഞ്ച്ഷിര്‍ പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങളതിനെ ചെറുക്കും. സോവിയറ്റ് യൂണിയനെ നേരിട്ടവരാണ് ഞങ്ങള്‍, താലിബാനെ നേരിടാൻ ഞങ്ങള്‍ക്ക് കഴിയും.' മുന്നോട്ടുള്ള ഏക മാര്‍ഗം സമവായമാണെന്ന് താലിബാനെ മനസിലാക്കിപ്പിക്കുകയാണ് ലക്ഷ്യമെന്നും അഹമ്മദ് മസൂദ് പറഞ്ഞു.
തന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ താലിബാന്‍ മുന്നില്‍ അടിയറവ് വയ്ക്കില്ലെന്നും മസൂദ് വ്യക്തമാക്കി. 1980കളിൽ അഫ്‌ഗാനിസ്ഥാനിലെ സോവിയറ്റ് വിരുദ്ധ പ്രതിരോധത്തിന്‍റെ പ്രധാന നേതാക്കളിൽ ഒരാളായ അഹ്മദ് ഷാ മസൂദിന്‍റെ മകനാണ് അഹമ്മദ് മസൂദ്.
താലിബാന് കീഴടങ്ങാത്ത പ്രവശ്യ
അഫ്‌ഗാനിസ്ഥാന്‍റെ 34 പ്രവിശ്യകളിൽ താലിബാന് കീഴടക്കാൻ കഴിയാത്ത ഏക പ്രവശ്യയാണ് പഞ്ച്ഷിർ. കാബൂളിൽ നിന്ന് 70 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന പഞ്ച്ഷിറിലാണ് ഗനി സർക്കാരിന്‍റെ ആദ്യ വൈസ് പ്രസിഡന്‍റായിരുന്ന അമറുള്ള സാലിഹ് താമസിക്കുന്നത്.
താലിബാൻ രാജ്യം പിടിച്ചെടുക്കുന്നതിന് മുമ്പ് അഫ്‌ഗാന്‍ സേനാംഗങ്ങള്‍ തങ്ങളുടെ ലക്ഷ്യത്തിനായി അണിനിരന്നു. കാരണം ഈ ദിവസം വരുമെന്ന് അറിയാമായിരുന്നുവെന്ന് മസൂദ് പറഞ്ഞു. 'എന്‍റെ പിതാവിന്‍റെ കാലം മുതൽ ഞങ്ങൾ ക്ഷമയോടെ ശേഖരിച്ച വെടിമരുന്നുകളുടെയും ആയുധങ്ങളുടെയും ശേഖരം ഞങ്ങളുടെ പക്കലുണ്ട്. താലിബാൻ ആക്രമണം ആരംഭിക്കുകയാണെങ്കിൽ, അവർ ഞങ്ങളിൽ നിന്ന് കടുത്ത പ്രതിരോധം നേരിടേണ്ടിവരും,' മസൂദ് വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് സമാധാനത്തിനും സുരക്ഷിതത്വത്തിനുമുള്ള വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ തന്‍റെ പിതാവിനെ കൊന്നതിന് താലിബാനോട് ക്ഷമിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
Read more: ആർക്കും കീഴടങ്ങാത്ത അഞ്ച് സിംഹങ്ങളുടെ താഴ്‌വര, 'പഞ്ച്ഷിർ'