ഇസ്ലാമബാദ്: മലാല യൂസഫ് സായിയെ ഭീഷണിപ്പെടുത്തുകയും മലാലയ്ക്കെതിരെ അക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്‌ത പാകിസ്ഥാൻ മതനേതാവ് അറസ്റ്റിൽ. പാകിസ്ഥാനിലെ ലക്കി മർവത്ത് ജില്ലയിലെ മതനേതാവായ മുഫ്‌തി സർദാർ അലി ഹഖാനിയാണ് പൊലീസ് പിടിയിലായത്. ഒരു പ്രമുഖ മാസികയ്ക്ക് മലാല നൽകിയ അഭിമുഖത്തിലെ വിവാഹത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെയായിരുന്നു അക്രമണ ആഹ്വാനം.
Also Read: പാക്കിസ്ഥാനിൽ ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണമൊരുക്കിയ 2 പൊലീസുകാർ കൊല്ലപ്പെട്ടു
ആളുകൾ എന്തിനാണ് വിവാഹം കഴിക്കുന്നതെന്നും ഒരു പങ്കാളിയെ ആവശ്യമാണെങ്കിൽ എന്തിനാണ് കടലാസുകളിൽ ഒപ്പിട്ട് വിവാഹം കഴിക്കുന്നത് എന്നായിരുന്നു മലാലയുടെ ചോദ്യം. മലാലയുടെ പരാമർശങ്ങൾ പാകിസ്ഥാനിലെ നിരവധി മത-രാഷ്‌ട്രീയ നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഒരു മതത്തിലും വിവാഹേതര പങ്കാളിത്തം അനുവദനീയമല്ലെന്നായിരുന്നു നേതാക്കളുടെ പക്ഷം.
Also Read: ഹൗത്തി വ്യോമാക്രമണത്തിൽ യെമനിൽ 3 പേർ കൊല്ലപ്പെട്ടു
ബുധനാഴ്‌ചയാണ് ലക്കി മർവത്ത് ജില്ല പൊലീസ് മുഫ്‌തി സർദാർ അലി ഹഖാനിയെ കസ്റ്റഡിയിലെടുത്തത്. മലാലയെ പാകിസ്ഥാനിൽ കാൽ കുത്തിയാൽ അക്രമിക്കണമെന്ന് ഹഖാനി ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ വീട്ടിൽ റെയ്‌ഡ് നടത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് ഹഖാനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.