ലാഹോർ: പിഎംഎൽ-എൻ പ്രസിഡന്‍റ് ഷഹബാസ് ഷെരീഫ് സമർപ്പിച്ച മാനനഷ്‌ടക്കേസിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പാകിസ്ഥാൻ കോടതി നോട്ടീസ് നൽകി. പാകിസ്ഥാൻ തെഹരീക് ഇൻ ഇൻസാഫ് (പിടിഐ) ചെയർമാനെതിരായ കേസ് നേരത്തെ കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഷഹബാസ് ഷെരീഫ് കോടതിയെ സമീപിച്ചിരുന്നു.
മുൻ പ്രധാനമന്ത്രിയും ജ്യേഷ്‌ഠനുമായ നവാസ് ഷെരീഫിനെതിരെയുള്ള പനാമ പേപ്പേഴ്‌സ് കേസ് പിൻവലിക്കാൻ ഷഹബാസ് ഷെരീഫ് പണം വാഗ്‌ദാനം ചെയ്‌തിരുന്നതായി ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു. 2017 ഏപ്രിലില്‍ ഒരു സുഹൃത്ത് വഴി 61 മില്യൺ യുഎസ് ഡോളർ വാഗ്‌ദാനം ചെയ്‌തെന്നായിരുന്നു ഇമ്രാൻ ഖാന്‍റെ ആരോപണം. പാകിസ്ഥാൻ മുസ്‌ലിം ലീഗ് (പി.എം.എൽ-എൻ) മേധാവിയായ നവാസ് ഷെരീഫ് ഇപ്പോൾ ലണ്ടനില്‍ ചികിത്സയിലാണ്. മൂന്ന് അഴിമതി കേസുകളാണ് നവാസ് ഷെരീഫിനും കുടുംബത്തിനുമെതിരെയുള്ളത്.
ലാഹോറിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജൂൺ 10നാണ് വാദം കേൾക്കാൻ തീരുമാനിച്ചത്. കേസില്‍ കഴിഞ്ഞ മൂന്ന് വർഷമായി രേഖാമൂലം മറുപടി നൽകാൻ ഇമ്രാൻ ഖാന് കഴിഞ്ഞിട്ടില്ല. ആകെ 60 ഹിയറിങുകളില്‍ ഇമ്രാൻ ഖാന്‍റെ വാദം 33 തവണ മാറ്റിവെച്ചു.