ഇസ്ലാമാബാദ്: ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ബസ് സ്‌ഫോടനത്തിൽ ഒമ്പത് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ട സംഭവം തീവ്രവാദ ആക്രമണമാണെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ.
ബസിന്‍റെ സാങ്കേതിക പ്രശ്‌നങ്ങളാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പാകിസ്ഥാൻ ആദ്യം വിശദീകരിച്ചിരുന്നത്. പാകിസ്ഥാനും ചൈനയും സംയുക്തമായി ഇറക്കിയ വാർത്താക്കുറിപ്പിലാണ് തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യാ തലസ്ഥാനമായ ചെംഗ്ഡുവിൽ നടന്ന പാകിസ്ഥാൻ-ചൈന വിദേശകാര്യ മന്ത്രിമാരുടെ നയതന്ത്ര ചർച്ചയുടെ മൂന്നാം സെഷന്‍റെ സമാപനത്തിലാണ് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
സ്‌ഫോടനത്തില്‍ ചൈനീസ് പൗരന്മാൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൈനയിലേക്ക് പോയത്.
സ്‌ഫോടനം ജൂലൈ 14ന്
ജൂലൈ 14ന് അപ്പർ കൊഹിസ്ഥാൻ ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന ദാസു ഡാമിലേക്ക് ചൈനീസ് എഞ്ചിനീയർമാരെയും തൊഴിലാളികളെയും കൊണ്ടുപോകുന്ന ബസാണ് സ്‌ഫോടനത്തില്‍ തകർന്നത്. സംഭവത്തില്‍ ഒമ്പത് ചൈനക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു. സ്‌ഫോടനത്തെത്തുടർന്ന് ബസ് ആഴത്തിലുള്ള മലയിടുക്കിലേക്ക് വീണിരുന്നു.
സാങ്കേതിക തകരാറിനെ തുടന്ന് ഇന്ധന ചോർച്ചയുണ്ടായാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പാകിസ്ഥാൻ ആദ്യം വിശദീകരിച്ചത്. അതേസമയം ചൈന ആദ്യം മുതൽ തീവ്രവാദി ആക്രമണമാണ് ഉണ്ടായതെന്നായിരുന്നു പറഞ്ഞിരുന്നത്. സംഭവം അന്വേഷിക്കാൻ 15 അംഗ വിദഗ്ധ സംഘത്തെ ചൈന പാകിസ്ഥാനിലേക്ക് അയച്ചിരുന്നു.
സംഭവത്തിന്‍റെ അന്വേഷണത്തിലെ പുരോഗതിയും ഇരു രാജ്യങ്ങളും ചർച്ച ചെയ്‌തു. നടന്നുകൊണ്ടിരിക്കുന്ന സംയുക്ത അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
പാകിസ്ഥാൻ അന്വേഷണം പൂർത്തിയാക്കിയതായും ചൈന അതിൽ സംതൃപ്തരാണെന്നും ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അന്വേഷണ റിപ്പോർട്ടിന്‍റെ വിശദാംശങ്ങളൊന്നും പാകിസ്ഥാൻ പുറത്തുവിട്ടിട്ടില്ല.
പാകിസ്ഥാന്‍റെ ആശങ്ക
സ്‌ഫോടനത്തില്‍ ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടത് പാകിസ്ഥാന് ഏറെ ആശങ്ക സൃഷ്‌ടിച്ചിരുന്നു. പാകിസ്ഥാന് ഏറെ പ്രയോജനമുള്ള ബന്ധമാണ് ചൈനയുമായുള്ളത്.
ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ബന്ധത്തില്‍ നിന്ന് ചൈന പിന്മാറിയാല്‍ സാമ്പത്തികമായും രാഷ്‌ട്രീയമായും പാകിസ്ഥാൻ വലിയ വില കൊടുക്കേണ്ടിവരും. അതുകൊണ്ട് തന്നെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ചൈനയിലേക്ക് പോയതും.