കാഠ്‌മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി ഇന്ത്യൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കാഠ്‌മണ്ഡുവിലെ മഹാരാജ്‌ഗുഞ്ച് ആസ്ഥാനമായുള്ള ത്രിഭുവൻ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലാണ് (ടിയുടിഎച്ച്) പ്രധാനമന്ത്രി പ്രതിരോധ കുത്തിവയ്‌പ് സ്വീകരിച്ചത്. എല്ലാവരും മടികൂടാതെ വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ട് വരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഭാര്യ രാധിക ശാക്യയും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.
അതേസമയം 65 വയസിന് മുകളിൽ പ്രായമുള്ള 1.6 ദശലക്ഷം മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് നേപ്പാൾ സർക്കാർ ഞായറാഴ്ച മുതൽ വാക്സിനേഷൻ ഡ്രൈവിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇതിനായി രാജ്യത്തുടനീളം ആറായിരത്തോളം വാക്സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ജനുവരി 27 മുതൽ നേപ്പാളിൽ കൊവിഡ് വാക്‌സിന്‍റെ ആദ്യഘട്ടം ആരംഭിക്കുകയും മുൻനിര ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ വിതരണം ചെയ്യുകയും ചെയ്തു.