നേപ്യിഡോ: മ്യാന്‍മാർ സൈനിക സേനയുടെ ക്രൂരമായ അക്രമണം തുടരുന്നതിനിടെ രാജ്യത്ത് മരണസംഖ്യ 500 കടന്നു. ഇതുവരെ 510 പേരാണ് ഭരണകൂട അട്ടിമറി വിരുദ്ധ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടതെന്ന് അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോർ പൊളിറ്റിക്കൽ പ്രിസണേഴ്സ് സംഘടന പറയുകയുണ്ടായി.
ഇതിൽ 14 പേർ തിങ്കളാഴ്ചയും 37 പേർ കഴിഞ്ഞ ദിവസങ്ങളിലുമായി കൊല്ലപ്പെട്ടു.മരിച്ചവരിൽ കുട്ടികൾ, സ്ത്രീകൾ, സൈനീകർ എന്നിവരും ഉൾപ്പെടുന്നു. 2,574 പേരാണ് ഇതുവരെ അറസ്റ്റിലായത് ഇതിൽ 37 പേരെ ശിക്ഷിക്കുകയും ചെയ്തിരുന്നു. 120 പേർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സൈന്യം അട്ടിമറിച്ചിട്ട് 58 ദിവസം പിന്നിടുമ്പോഴും മ്യാന്‍മാറിൽ സംഘർഷാവസ്ഥ തുടരുകയാണ്. സൈനികർക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണം രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്.
സൈനിക സർക്കാരിനെതിരെ ആളുകൾ തുടർന്നും പ്രതിഷേധിച്ചാൽ അയൽപ്രദേശങ്ങൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് എഎപിപി അറിയിച്ചു. അട്ടിമറിക്ക് എതിരായ വിയോജിപ്പുകളെ ക്രൂരമായി അടിച്ചമർത്തുകയാണ് സൈന്യം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ മടങ്ങിവരുന്നതുവരെ 2013 ലെ വ്യാപാര, നിക്ഷേപ ചട്ടക്കൂട് കരാർ പ്രകാരം മ്യാൻമറുമായുള്ള എല്ലാ യുഎസ് വ്യാപാര ഇടപാടുകളും ഉടൻ നിർത്തിവയ്ക്കുമെന്ന് യുഎസ് വ്യാപാര പ്രതിനിധി കാതറിൻ തായ് തിങ്കളാഴ്ച പറഞ്ഞു.
മ്യാൻമറിന്‍റെ തെക്കുകിഴക്കൻ സംസ്ഥാൻമായ കാരെനിൽ വ്യോമാക്രമണത്തെതുടർന്ന് മൂവായിരത്തോളം ഗ്രാമീണർ ഞായറാഴ്ച തായ്‌ലൻഡിലേക്ക് രക്ഷപ്പെട്ടതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിന്‍റെ സൈന്യം സർക്കാരിനെ അട്ടിമറിക്കുകയും ഒരു വർഷം നീണ്ടുനിൽക്കുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തത്. സംസ്ഥാന കൗൺസിലർ ഓങ് സാൻ സൂ ചി അടക്കമുള്ള നേതാക്കളെ തടഞ്ഞുവെച്ചതും പ്രതിഷേധത്തിന് കാരണമായി.