നയ്‌പിത്ത്യോ: ജനാധിപത്യത്തെ അട്ടിമറിച്ച് പട്ടാള ഭരണം നിലവിൽ വന്ന മ്യാൻമറിൽ ഫേസ്‌ബുക്കിന് വിലക്കേർപ്പെടുത്തി. മ്യാൻമർ നേതാവ് ആങ് സാൻ സ്യൂചിയെയും ഭരണകക്ഷിയുടെ മുതിർന്ന നേതാക്കളെയും കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം ഉയർന്നു വരുന്നതിനിടെയാണ് ഫേസ്‌ബുക്കിന് വിലക്ക്.
മ്യാൻമറിലെ ജനകീയ സമൂഹമാധ്യമമായ ഫേസ്‌ബുക്കിലൂടെയാണ് പരസ്യ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നത്. ബുധനാഴ്‌ച രാത്രിയോടെയാണ് തകരാർ തുടങ്ങിയതെന്ന് ഇന്‍റർനെറ്റ് ഉപയോക്താക്കൾ പറഞ്ഞു. മ്യാൻമറിലെ ടെലികോം ദാതാക്കൾക്ക് ഫേസ്ബുക്ക് താത്‌കാലികമായി വിലക്കേർപ്പെടുത്താൻ നിർദേശം ലഭിച്ചിട്ടുണ്ടെന്നും കണക്‌റ്റിവിറ്റി പുന:സ്ഥാപിക്കാൻ അധികാരികളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് വ്ക്താവ് അറിയിച്ചു.
ഫേസ്ബുക്കിന് താത്‌കാലികമായി വിലക്കേർപ്പെടുത്താൻ മ്യാൻമറിലെ മൊബൈൽ ഓപ്പറേറ്റർമാർക്കും ഇന്‍നെറ്റ് സേവന ദാതാക്കൾക്കും ആശയവിനിമയ മന്ത്രാലയത്തിന്‍റെ നിർദേശം ലഭിച്ചതായി മൊബൈൽ സേവന ദാതാവ് ടെലിനോറും പ്രസ്‌താവനയിലൂടെ അറിയിച്ചു.