കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്‌ഗാനിസ്ഥാനില്‍ 2,735 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്‌ടമായതായി റിപ്പോര്‍ട്ട്. ജോലി നഷ്‌ടപ്പെട്ട മാധ്യമപ്രവർത്തകരിൽ 72 ശതമാനവും വനിതകളാണ്. ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ് (ഐഎഫ്ജെ) എന്ന അന്താരാഷ്‌ട്ര മാധ്യമ സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
താലിബാന് മുന്‍പ് 5,069 മാധ്യമപ്രവര്‍ത്തകരാണ് ജോലി ചെയ്‌തതെങ്കില്‍ ഇപ്പോള്‍ 2,334 പേര്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്ന് ഐഎഫ്‌ജെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമ സ്ഥാപനങ്ങളില്‍ 243 വനിതകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്‌ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 33 എണ്ണത്തിലും 318 മാധ്യമ സ്ഥാപനങ്ങൾ അടച്ചു. 51 ചാനലുകള്‍, 132 റേഡിയോ സ്റ്റേഷനുകൾ, 49 ഓൺലൈൻ മാധ്യമങ്ങൾ എന്നിവയുടെ പ്രവർത്തനം അവസാനിപ്പിച്ചു. പത്ര സ്ഥാപനങ്ങളാണ് കൂടുതല്‍ പ്രതിസന്ധി നേരിട്ടത്. 114ൽ 20 പത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അഫ്‌ഗാനിസ്ഥാനില്‍ പ്രസിദ്ധീകരിക്കുന്നതെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയില്‍ വളരെ ചുരുക്കം മാധ്യമ സ്ഥാപനങ്ങള്‍ മാത്രമേ പ്രവര്‍ത്തനത്തിലുണ്ടാകുകയൊള്ളുവെന്ന് ഇൻഡിപെൻഡന്‍റ് ജേണലിസ്റ്റ് അസോസിയേഷൻ മേധാവി ഹുജത്തുല്ല മുജാദിദി പറഞ്ഞു. മാധ്യമങ്ങളില്‍ നിക്ഷേപം നടത്തണമെന്ന് അഫ്‌ഗാനിസ്ഥാൻ ജേണലിസ്റ്റ് കൗൺസിൽ തലവൻ ഹഫിസുല്ല ബരാക്‌സായി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
Also read: ദുബായ് ഭരണാധികാരിയുടെ മലയാളം ട്വീറ്റിന് അറബിയില്‍ മറുപടി പറഞ്ഞ് പിണറായി