ലക്‌നൗ: ഇറാനിൽ മെർച്ചന്‍റ് നേവിയിൽ ജോലി തരാമെന്ന സുഹൃത്തിന്‍റെ വാഗ്‌ദാനത്തെ തുടർന്ന് ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻ തിരിച്ചെത്തി. റിങ്കു എന്ന യുവാവാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടർന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിയത്.
ജോലി വാഗ്‌ദാനം ചെയ്‌തതിനൊപ്പം സുഹൃത്ത് ഇയാളിൽ നിന്ന് 3,50,000 രൂപ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. 2020 ഡിസംബർ 15 ന് സുഹൃത്തിന്‍റെ ഏജന്‍റിനൊപ്പം റിങ്കു മുംബൈയിലെ ബെലാപൂരിലെത്തുകയും തുടർന്ന് റിങ്കുവിനെ അവിടെ നിന്ന് ഇറാനിലെ ബുഷർ സിറ്റിയിലേക്ക് അയക്കുകയുമായിരുന്നു. മതിയായ രേഖകളൊന്നും ഇല്ലാതെയെത്തിയതിനാൽ ഇയാളെ കപ്പലിൽ ബന്ധിയാക്കി. തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട അദ്ദേഹം വീട്ടുകാരെ ബന്ധപ്പെടുകയും അവർ ഷാജഹാൻപൂർ എം.പി. അരുൺ സാഗറിനെ അറിയിക്കുകയും തുടർന്ന് അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി ബന്ധപ്പെടുകയും ചെയ്‌തു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നടപടിയെ തുടർന്ന് റിങ്കുവിനെ നാട്ടിലേക്കെത്തിക്കുകയായിരുന്നു.