ലാഹോർ: പാകിസ്ഥാനിലെ ലാഹോറിൽ ലോഹരി ഗേറ്റ് ഏരിയയ്ക്ക് സമീപം വ്യാഴാഴ്‌ചയുണ്ടായ സ്‌ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മയോ ആശുപത്രിയിലേക്ക് മാറ്റി.
ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നും ജീവൻ രക്ഷിക്കുന്നതിനായി ഡോക്ടർമാർ ശ്രമിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിൽ സമീപത്തെ കടകളുടെയും കെട്ടിടങ്ങളുടെയും ജനൽചില്ലുകൾ തകർന്നു. ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും സ്‌ഫോടനത്തിന്‍റെ സ്വഭാവം പരിശോധിച്ചു വരികയാണെന്നും ലാഹോർ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് ഓപ്പറേഷൻസ് ഡോ. മുഹമ്മദ് ആബിദ് ഖാൻ അറിയിച്ചു.
ALSO READ:മാസ്‌കും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും നിർബന്ധമല്ല, യുകെയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നു
സ്‌ഫോടനത്തെ തുടർന്ന് ഭൂമിയിൽ 1.5 അടി താഴ്ചയുള്ള ഗർത്തം രൂപപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തേക്ക് ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. പ്രദേശത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതായും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നതായും പൊലീസ് വ്യക്തമാക്കി.